ന്യൂഡൽഹി ; കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈനിക നീക്കത്തിന്റെ രീതി, ലക്ഷ്യങ്ങൾ, സമയം എന്നിവ തീരുമാനിക്കാൻ സായുധ സേനയ്ക്ക് ‘പൂർണ്ണ സ്വാതന്ത്ര്യം’ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി . പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വസതിയിൽ ഇന്ന് ഉന്നതതല യോഗം ചേർന്നിരുന്നു . പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവരുമായി പ്രധാനമന്ത്രി ചർച്ച നടത്തി.
ഭീകരതയെ ശക്തമായി ചെറുക്കുക എന്നത് ദേശീയ നയമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2019 ഫെബ്രുവരിയിലെ പുൽവാമ ആക്രമണത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ആക്രമണത്തിൽ 40 സൈനികരാണ് അന്ന് കൊല്ലപ്പെട്ടത് . തുടർന്ന് ഇന്ത്യ പാകിസ്ഥാനിലെ ബാലക്കോട്ടിലെ ഭീകര ക്യാമ്പുകളിൽ വ്യോമാക്രമണം നടത്തി. പാകിസ്ഥാൻ സൈന്യത്തിന്റെ സഹായത്തോടെ നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദാണ് ഈ ക്യാമ്പുകൾ നടത്തിയിരുന്നത്. ഇവ ഇന്ത്യ തകർത്തു.

