ന്യൂഡൽഹി: അടിയന്തിരാവസ്ഥയുടെ പേരിൽ കോൺഗ്രസിനെതിരെ പാർലമെന്റിൽ കടന്നാക്രമണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തിരാവസ്ഥക്കാലത്ത് രാജ്യം ഒരു തടവറയായി മാറി. എല്ലാ തലങ്ങളിലും കോൺഗ്രസ് ഭരണഘടനയെ വെല്ലുവിളിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭരണഘടനയ്ക്ക് 25 വയസ്സ് തികയുന്നതിന് മുൻപേ അതിനെ അടിയന്തിരാവസ്ഥയിലൂടെ പിച്ചിച്ചീന്തി. നെഹ്രുവിന്റെ എല്ലാ തലമുറകളും ഭരണഘടനയെ ചൂഷണം ചെയ്തു. ഭരണഘടന ഭാവിയിൽ തനിക്ക് തലവേദനയായി മാറുമെന്ന് മുൻകൂട്ടി മനസ്സിലാക്കിയ നെഹ്രു, പിൻവാതിലിലൂടെ അതിനെ അട്ടിമറിച്ചു.
മന്മോഹൻ സിംഗിന്റെ ഭരണകാലത്ത് കോൺഗ്രസ് ഹൈക്കമാൻഡായിരുന്നു അധികാര കേന്ദ്രം. നെഹ്രു വിതച്ച ഭരണഘടനാ അട്ടിമറി ഇന്ദിരയും പിന്നാലെ രാജീവും തുടർന്നു. സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി അവർ സുപ്രീം കോടതി വിധികളെ പോലും അട്ടിമറിച്ചു.
ഷാബാനു കേസിലെ സുപ്രീം കോടതി വിധിയെ അട്ടിമറിച്ചതിലൂടെ രാജീവ് ഗാന്ധി ഭരണഘടനയെ ആഴത്തിൽ മുറിവേൽപ്പിച്ചു. 1947 മുതൽ 1952 വരെ രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഉണ്ടായിരുന്നില്ല. എന്നിട്ടും, ഇല്ലാത്ത അധികാരം ഉപയോഗിച്ച് നെഹ്രു ഭരണഘടനയെ അസ്ഥിരപ്പെടുത്തി.
തനത് വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താൻ കോൺഗ്രസ് ഇപ്പോൾ പുതിയ, നാണം കെട്ട കളികൾ കളിക്കുകയാണ്. കോൺഗ്രസ് സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടിയാണ് ഭരണഘടനയെ ഭേദഗതി ചെയ്തതെങ്കിൽ തങ്ങൾ അത് ചെയ്യുന്നത് രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടിയാണ്.
‘ഗരീബി ഹഠാവോ‘ എന്നത് ജനങ്ങളെ പറ്റിക്കാൻ ഇന്ദിര കൊണ്ടുവന്ന മുദ്രാവാക്യമായിരുന്നു. രാജ്യത്തെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതിൽ പോലും കോൺഗ്രസ് പരാജയപ്പെട്ടു. എന്നാൽ തങ്ങളുടെ ലക്ഷ്യം പാവപ്പെട്ടവരുടെ ഉന്നമനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
തന്റെ സർക്കാർ അധികാരത്തിൽ വന്നപ്പോൾ മാത്രമാണ് ദിവ്യാംഗരെ കൂടി പരിഗണിക്കുന്ന നയങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയത്. വാജ്പേയി സർക്കാരിന്റെ കാലത്താണ് രാജ്യത്ത് ആദ്യമായി വനവാസികൾക്ക് വേണ്ടി പ്രത്യേക മന്ത്രാലയം രൂപീകൃതമായത്. രാജ്യത്തിന്റെ രാഷ്ട്രീയം ശുദ്ധവായുവും നവീന ഊർജ്ജവും ആവശ്യപ്പെടുന്നു. പ്രധാനമന്ത്രി തുടർന്നു.
എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം എന്നത് തങ്ങളെ സംബന്ധിച്ച് കേവലം ഒരു മുദ്രാവാക്യം മാത്രമല്ല. അത് വിശ്വാസത്തിന്റെ പ്രതീകമാണ്. കുടുംബവാഴ്ചയിൽ അധിഷ്ഠിതമല്ലാത്ത എല്ലാ രാഷ്ട്രീയ പാർട്ടികളെയും യുവജനക്ഷേമത്തിനായി ഒരുമിച്ച് നിൽക്കാൻ താൻ ക്ഷണിക്കുകയാണെന്നും മോദി പറഞ്ഞു.