ന്യൂഡൽഹി : രാജ്യത്തെ സ്ത്രീകൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാസംവരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പങ്ക് വച്ച വീഡിയോയിലാണ് സ്ത്രീ ശാക്തീകരണത്തിനുള്ള സർക്കാരിന്റെ പ്രതിബദ്ധത മോദി വ്യക്തമാക്കിയത്.
സ്ത്രീശക്തി വർധിപ്പിക്കുന്നതിനും നയരൂപീകരണത്തിൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് . ഇത് പതിറ്റാണ്ടുകളായി തുടരുന്ന പോരാട്ടമാണ്. ഇതിനായി പോരാടിയവരിൽ ഒരാളാണ് ഞാൻ . നമ്മുടെ സ്ത്രീശക്തിക്ക് ഞങ്ങൾ ഒരു വാഗ്ദാനം നൽകി. അത് നിറവേറ്റാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിട്ടുമുണ്ട്. വനിതാ സംവരണത്തെ എതിർക്കുന്ന പാർട്ടികൾക്ക് പാർലമെന്റിലും, നിയമസഭകളിലും രാജ്യത്തെ സ്ത്രീശക്തിയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നത് തടയാൻ ഒരിയ്ക്കലും കഴിയില്ല.” എന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.
ഡീലിമിറ്റേഷൻ ബിൽ പാസാക്കാനുള്ള കേന്ദ്രസർക്കാരീന്റെ പുതിയ ശ്രമങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്. മണ്ഡലങ്ങളുടെ പുനർനിർണ്ണയത്തിനു ശേഷം നടക്കുന്ന 2029 ലെ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനം സീറ്റുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബില്ലിന്റെ പകർപ്പുകൾ പാർലമെന്റ് അംഗങ്ങൾക്ക് വിതരണം ചെയ്തിട്ടുണ്ട്. ബില്ലുമായി ബന്ധപ്പെട്ട സംശയങ്ങളോ, ചോദ്യങ്ങളോ ഉണ്ടെങ്കിൽ തയ്യാറാക്കാനും എം പിമാരോട് നിർദേശിച്ചിട്ടുണ്ട്. പാർലമെന്ററി ചർച്ചയ്ക്കിടെയുള്ള ഏത് ചർച്ചയ്ക്കും ഉത്തരം നൽകാൻ തയ്യാറാണെന്നും സർക്കാർ വ്യക്തമാക്കി.

