ശ്രീനഗർ : ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താൻ ആയുധ പരിശീലനത്തിനായി പാകിസ്ഥാനിലേയ്ക്ക് പോയ അഞ്ച് ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പൊലീസ് . ഷാഡോൾ സ്വദേശി മുഹമ്മദ് ഖയൂ, ബിഡർ സ്വദേശി ബഷീർ അഹമ്മദ് , ഹണ്ടർ സ്വദേശി ഷൗക്കത്ത് അലി. ഖാന്തി സ്വദേശി മൻസൂർ അഹമ്മദ് , തൂരു സ്വദേശി ഇംതിയാസ് അഹമ്മദ് എന്നിവരുടെ 3.375 ഏക്കർ ഭൂമിയാണ് കണ്ടുകെട്ടിയത് .
ഈ ഭൂമി വിൽക്കാനും, പണം ഭീകരപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനും നീക്കം നടക്കുന്നതായി സൂചന ലഭിച്ചതിനു പിന്നാലെയാണ് പൊലീസ് നീക്കം . 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ സെക്ഷൻ 25 പ്രകാരം ഡിജിപി നളിൻ പ്രഭാതാണ് ഇതിനായി ഉത്തരവിറക്കിയത്.
മാഹോർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 2024 ലെ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അഞ്ചംഗ സംഘം ആയുധ പരിശീലനം നേടാനായി പാകിസ്ഥാനിലേയ്ക്ക് കടന്നുവെന്നും , കശ്മീർ മേഖലയിൽ ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും വിവരം ലഭിച്ചിരുന്നു.
1991 നും, 2003 നും ഇടയിൽ കാണാതാകുകയും, പാകിസ്ഥാനിലേയ്ക്ക് കടക്കുകയും ചെയ്ത 30 ഓളം ഭീകരരെ കുറിച്ചുള്ള വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇവരിൽ അഞ്ച് പേരുടെ സ്വത്തുക്കളാണിപ്പോൾ പൊലീസ് കണ്ടുകെട്ടിയത്.

