ശ്രീനഗർ: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും സ്ഫോടനം. ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റു. അവരിൽ പലരുടെയും നില ഗുരുതരമാണ്.
സംഭവസമയത്ത് ജമ്മു കശ്മീർ സംസ്ഥാന അന്വേഷണ ഏജൻസി (എസ്ഐഎ) ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിലുണ്ടായിരുന്നതായി സൂചനയുണ്ട്. ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.സ്ഫോടകവസ്തുക്കൾ പരിശോധിച്ചുകൊണ്ടിരുന്ന പോലീസുകാരും ഫോറൻസിക് ടീം ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.
വെള്ളിയാഴ്ച രാത്രിയിലാണ് വൻ സ്ഫോടനം നടന്നത്. ഫരീദാബാദിൽ ഭീകര ബന്ധത്തിന് അറസ്റ്റിലായവരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നത് ഈ പോലീസ് സ്റ്റേഷനിലാണ്. ഫോറൻസിക്, പോലീസ് ഉദ്യോഗസ്ഥർ സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്റ്റേഷനും വാഹനങ്ങളും കത്തിനശിച്ചു. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
പരിക്കേറ്റവരെ ഇന്ത്യൻ സൈന്യത്തിന്റെ 92 ബേസ് ആശുപത്രിയിലേക്കും ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും (SKIMS) മാറ്റി . ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്ഫോടനം ഉണ്ടായതി ദിവസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും സ്ഫോടനം.

