ഗോരഖ്പൂർ: തടിയനെന്ന് വിളിച്ച കളിയാക്കിയ രണ്ട് സുഹൃത്തുക്കളെ വെടിവച്ചു വീഴ്ത്തി യുവാവ് . ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. 20 കിലോമീറ്റർ പിന്തുടർന്നാണ് അർജുൻ ചൗഹാൻ എന്ന യുവാവ് ഇവരെ വെടിവച്ചത്.
മെയ് 2 ന് തർകുൽഹ ദേവി ക്ഷേത്രത്തിൽ നടന്ന ഒരു ചടങ്ങിനിടെയാണ് സംഘർഷമുണ്ടായത്. ചടങ്ങിൽ പങ്കെടുക്കാൻ അർജുൻ അമ്മാവനൊപ്പമാണ് എത്തിയത്. അനിൽ, ശുഭം എന്നീ രണ്ട് സുഹൃത്തുക്കൾ ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. എല്ലാവരുടെയും മുന്നിൽ വെച്ച് തന്റെ ഭാരം കണ്ട് അവർ കളിയാക്കിയതായി അർജുൻ പറഞ്ഞു. ‘ ഞാൻ ഭക്ഷണം കഴിക്കുമ്പോൾ അവർ എന്നെ തടിയൻ എന്ന് വിളിച്ചു. മറ്റുള്ളവർ ഇത് കണ്ട് ചിരിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് ദേഷ്യം വന്നു. അങ്ങനെയാണ് ഞാൻ അവരെ കൊല്ലാൻ തീരുമാനിച്ചത്,’ അർജുൻ പോലീസിനോട് പറഞ്ഞു.
അർജുൻ തന്റെ സുഹൃത്ത് ആസിഫിനോട് സംഭവം പറഞ്ഞു. തുടർന്ന് ഇരുവരും പ്രതികാരം ചെയ്യാൻ പദ്ധതിയിട്ടു. അനിലും ശുഭമും മഞ്ജരിയയിലേക്ക് കാറിൽ പോകുമ്പോൾ, അർജുനും ആസിഫും അവരെ പിന്തുടർന്ന് ഹൈവേ വരെ എത്തി വാഹനം നിർത്താൻ ശ്രമിച്ചു.
ഏകദേശം 20 കിലോമീറ്റർ അവരുടെ വാഹനത്തെ പിന്തുടർന്ന് ടെൻഡുവ ടോൾ പ്ലാസയ്ക്ക് സമീപം കാറിനെ മറികടന്നു. തുടർന്ന് ഇരുവരെയും വാഹനത്തിൽ നിന്ന് വലിച്ചിറക്കി വെടിയുതിർത്തതായി അർജുൻ പോലീസിനോട് പറഞ്ഞു. സമീപത്തുള്ള ആളുകൾ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് ഇരുവരെയും പിന്നീട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. പോലീസ് സംഭവസ്ഥലത്ത് നിന്ന് അർജുൻ ചൗഹാനെ അറസ്റ്റ് ചെയ്തു. അനിലും ശുഭമും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അവർ അപകടനില തരണം ചെയ്തു.

