ദുർഗാപൂർ : പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ എംബിബിഎസ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ വിവാദപരാമർശവുമായി മുഖ്യമന്ത്രി മമത ബാനർജി . വിദ്യാർത്ഥികളുടെ സുരക്ഷാ ഉത്തരവാദിത്തം സ്വകാര്യ കോളേജുകൾക്കാണെന്ന രീതിയിലാണ് മമത ബാനർജിയുടെ പ്രസ്താവന . 23 വയസ്സുള്ള വിദ്യാർത്ഥി രാത്രി വൈകി ക്യാമ്പസ് വിട്ടത് എങ്ങനെയെന്നാണ് മമതയുടെ ചോദ്യം.
” ആ കുട്ടി ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പഠിക്കുകയായിരുന്നു. ആരുടെ ഉത്തരവാദിത്തമാണ് അത്? രാത്രി 12.30 ന് അവൾ എങ്ങനെയാണ് പുറത്തുവന്നത്?” സംഭവത്തിന് ശേഷം മാധ്യമങ്ങളോട് നടത്തിയ പരാമർശത്തിൽ മമത ചോദിച്ചു. സംഭവത്തെ “ഞെട്ടിപ്പിക്കുന്നത്” എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി ബംഗാൾ പോലീസ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
സ്വകാര്യ മെഡിക്കൽ കോളേജുകൾ അവരുടെ വിദ്യാർത്ഥികളെയും “രാത്രിയിലെ അവരുടെ പ്രവർത്തികളെയും ശ്രദ്ധിക്കണം . അവരെ പുറത്തിറങ്ങാൻ അനുവദിക്കരുത്. അവർ സ്വയം സംരക്ഷിക്കണം. ഇത് ഒരു വനപ്രദേശമാണ് . ഞങ്ങൾ കർശന നടപടി സ്വീകരിക്കും. മറ്റ് സംസ്ഥാനങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട് അത് അപലപനീയമാണ്. മണിപ്പൂർ, ഉത്തർപ്രദേശ്, ബീഹാർ, ഒഡീഷ എന്നിവിടങ്ങളിൽ നിരവധി ഇത്തരം കേസുകൾ) ഉണ്ടായിട്ടുണ്ട്. അവിടത്തെ സർക്കാരുകൾ കർശന നടപടി സ്വീകരിക്കുന്ന് ഞങ്ങൾ കരുതുന്നു.”എന്നും മമത ബാനർജി പറഞ്ഞു.
അതേസമയം ലൈംഗികാതിക്രമ കേസുകളിൽ നീതി ഉറപ്പാക്കുന്നതിന് പകരം ബംഗാൾ മുഖ്യമന്ത്രി പെൺകുട്ടിയെ കുറ്റപ്പെടുത്തുകയാണെന്ന് ബിജെപി പറഞ്ഞു.”പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുപകരം രാത്രിയിൽ പുറത്തിറങ്ങരുതെന്ന് പറയുന്ന ഒരു മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാൻ ധാർമ്മിക അവകാശമില്ല. അരാജകത്വവാദിയും ഹൃദയശൂന്യയുമായ മമതയിൽ വിശ്വാസമർപ്പിച്ചത് തെറ്റാണെന്ന് ആളുകൾ ഇപ്പോൾ മനസ്സിലാക്കുന്നു. അവർ രാജിവയ്ക്കുകയും നിയമപ്രകാരം ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണം.” – ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല പറഞ്ഞു.

