ചെന്നൈ: മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി. ഡിജിപിയുടെ ഔദ്യോഗിക ഇമെയിലാണ് സന്ദേശം എത്തിയത്. ക്ഷേത്രത്തിനുള്ളിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം.
ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെ ബോംബ്, ഡോഗ് സ്ക്വാഡുകൾ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് മണിക്കൂറോളം പരിശോധന തുടർന്നു. ഇതോടെ ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ദിവസവും ആയിരക്കണക്കിന് ഭക്തരാണ് മധുര മീനാക്ഷി ക്ഷേത്രത്തിൽ എത്തുന്നത്. സുരക്ഷ മുൻനിർത്തി ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിട്ടിരുന്നില്ല. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന നാല് പ്രധാന ഗോപുരങ്ങൾ, പൊതുജനങ്ങൾക്ക് പ്രവേശനമുള്ള ഇടം, സമീപപ്രദേശത്തെ കടകൾ എന്നിവ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടന്നത്.

