ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെയും പിഒകെയിലെയും ഭീകര ക്യാമ്പുകൾ നശിപ്പിച്ചു . ഇപ്പോഴിതാ ഓപ്പറേഷൻ സിന്ദൂരിന് മൂന്ന് മാസത്തിന് ശേഷം , വൈസ് ചീഫ് എയർ മാർഷൽ നർമ്മദേശ്വർ തിവാരി ഇന്ത്യൻ വ്യോമസേനയുടെ വിജയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് . പാകിസ്ഥാനെ മുട്ടുകുത്തിക്കാൻ ഇന്ത്യൻ വ്യോമസേന 50 ൽ താഴെ ആയുധങ്ങൾ മാത്രമാണ് ഉപയോഗിച്ചതെന്ന് നർമ്മദേശ്വർ തിവാരി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിൽ ഞങ്ങൾ ചെയ്തത് ഇന്ത്യൻ വ്യോമസേനയുടെ ശക്തിയുടെ ഒരു ചെറിയ സാമ്പിളാണെന്ന് നർമ്മദേശ്വർ തിവാരി പറഞ്ഞു . ‘ ഏപ്രിൽ 22 ന് പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ വ്യോമസേനയുടെ ആസൂത്രണം ആരംഭിച്ചു . ഈ ആക്രമണത്തിനുശേഷം , മൂന്ന് സേനകളും വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടു . പാകിസ്ഥാനെ വെടിനിർത്തൽ ചർച്ചയ്ക്ക് കൊണ്ടുവരാൻ ഇന്ത്യൻ വ്യോമസേന 50 ൽ താഴെ ആയുധങ്ങൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ . ശത്രുവിന്റെ ഏത് നടപടിക്കും മറുപടി ആസൂത്രണം ചെയ്യാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടായിരുന്നു.
ഉന്നതതല സംഘം ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഓപ്ഷനുകൾ നൽകി മൂന്ന് സേനകളും പാകിസ്ഥാനെ ആക്രമിക്കാനുള്ള ഓപ്ഷനുകൾ അവതരിപ്പിച്ചു. 48 മണിക്കൂറിനുള്ളിൽ , ഇന്ത്യൻ വ്യോമസേന പാകിസ്ഥാനെതിരായ വ്യോമാക്രമണത്തിനുള്ള പദ്ധതി അവതരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു
ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് മെയ് 7-ന് ഇന്ത്യ പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകൾ നശിപ്പിച്ചത് . ഇന്ത്യയുടെ നടപടിക്ക് ശേഷം, മെയ് 8, 9, 10 തീയതികളിൽ ഇന്ത്യൻ സൈനിക താവളങ്ങൾ ആക്രമിക്കാൻ പാകിസ്ഥാൻ നടത്തിയ ശ്രമം പരാജയപ്പെട്ടു. മറുപടിയായി, ഇന്ത്യൻ സൈന്യം പാകിസ്ഥാനെ ആക്രമിക്കുകയും നിരവധി സൈനിക താവളങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ ആക്രമണം ഭയന്ന്, പാകിസ്ഥാൻ വെടിനിർത്തലിനായി അഭ്യർത്ഥിക്കുകയായിരുന്നു.

