ന്യൂഡൽഹി: ചെങ്കോട്ടയും, ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളും ലക്ഷ്യമിട്ട് പാകിസ്ഥാനിലെ ലഷ്കർ-ഇ-തൊയ്ബ . ഐ ഇ ഡി ആക്രമണം നടത്താൻ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി 6 ന് ഇസ്ലാമാബാദിലെ ഒരു പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഭീകരർ ആക്രമണം ആസൂത്രണം ചെയ്യുന്നതെന്ന് സുരക്ഷാ ഏജൻസികൾ പറഞ്ഞു. പാകിസ്ഥാനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഐഎസ് ഏറ്റെടുത്തിരുന്നു.
നവംബർ 10 ന് ചെങ്കോട്ടയിൽ നടന്ന കാർ ബോംബ് ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതിന് ശേഷമാണ് പുതിയ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ഫരീദാബാദിലെ അൽ-ഫല സർവകലാശാലയിലെ ഡോക്ടറായ ഉമർ മുഹമ്മദാണ് കാർ ഓടിച്ചത്. കേസിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു . കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഡൽഹി കോടതി എൻഐഎയ്ക്ക് 45 ദിവസം കൂടി സമയം അനുവദിച്ചിട്ടുണ്ട്.
ചെങ്കോട്ട സ്ഫോടന കേസിൽ അറസ്റ്റിലായ ഡോക്ടർമാരുടെ സംഘം ആഗോള കോഫി ശൃംഖലയുടെ ഔട്ട്ലെറ്റുകളും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജൂത പൗരന്റെ ഉടമസ്ഥതയിലുള്ള കോഫി ഷോപ്പ് ശൃംഖലയിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. . കഴിഞ്ഞ നാല് വർഷമായി ഈ ‘വൈറ്റ് കോളർ തീവ്രവാദ ഗ്രൂപ്പ്’ സജീവമായിരുന്നുവെന്നും റിപ്പോർട്ടുകൾ വെളിപ്പെടുത്തി. അൽ-ഖ്വയ്ദയുടെ ഇന്ത്യൻ വിഭാഗമായ അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് പുനരുജ്ജീവിപ്പിക്കാനും സംഘം ലക്ഷ്യമിട്ടിരുന്നു. ഇതിലൂടെ രാജ്യത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കാനും കുറ്റാരോപിതരായ ഡോക്ടർമാർ ലക്ഷ്യമിട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.

