ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിൽ കോൺഗ്രസിൻ്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് വോട്ട് ബാങ്കിനായി നുണകൾ പ്രചരിപ്പിക്കുകയാണെന്നും അവർ പട്ടികജാതി-പട്ടികവർഗക്കാരെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുകയാണെന്നും മോദി പറഞ്ഞു . ഹരിയാനയിലെ ഹിസാറിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബോർഡിന് കീഴിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്. എന്നാൽ പാവപ്പെട്ടവരെയും ദരിദ്രരെയും സഹായിക്കാൻ ഈ ഭൂമികളും സ്വത്തുക്കളും ശരിയായി വിനിയോഗിച്ചിട്ടില്ല. വഖഫ് സ്വത്തുക്കളുടെ ആനുകൂല്യം ദുരിതബാധിതർക്ക് നൽകിയിരുന്നെങ്കിൽ അത് അവർക്ക് ഗുണം ചെയ്യുമായിരുന്നു. എന്നാൽ, ഭൂമാഫിയക്കാണ് ഈ സ്വത്തുക്കൾ പ്രയോജനപ്പെടുത്തിയത്. വഖഫ് നിയമത്തിലൂടെ സാമൂഹിക നീതി നടപ്പാക്കുകയാണ് കേന്ദ്രസർക്കാർ. ഭേദഗതികൾ വരുത്തി വഖഫ് നിയമത്തിൽ പുതിയ മാറ്റങ്ങൾ വരുന്നതോടെ ഭൂമി കൈയേറ്റവും അവസാനിക്കും. പാവങ്ങളുടെ ഭൂമിയിൽ കൈ തൊടാൻ പോലും വഖഫിനാകില്ല.
പുതിയ വഖഫ് നിയമപ്രകാരം ഒരു ആദിവാസിയുടെ ഭൂമിയോ സ്വത്തോ വഖഫ് ബോർഡിന് തൊടാനാവില്ല. പാവപ്പെട്ട മുസ്ലീങ്ങൾക്ക് അവരുടെ അവകാശങ്ങൾ ലഭിക്കും. ഇതാണ് യഥാർത്ഥ സാമൂഹിക നീതി. അംബേദ്കർ ഭരണഘടനയുടെ സംരക്ഷകനായിരുന്നു, എന്നാൽ കോൺഗ്രസ് അത് തകർത്തു. കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ വൈറസ് പടർത്തുകയാണ്. കോൺഗ്രസിന് മുസ്ലീങ്ങളോട് ഇത്ര സഹതാപം ഉണ്ടായിരുന്നുവെങ്കിൽ എന്തുകൊണ്ട് ഒരു മുസ്ലീമിന് പാർട്ടി ചുമതല നൽകിയില്ലെന്നും മോദി ചോദിച്ചു.