ഒട്ടാവ : ഖലിസ്ഥാൻ ഭീകരൻ അർഷ ദല്ലയെ കൈമാറണമെന്ന് കാനഡയോട് ആവശ്യപ്പെടാൻ ഇന്ത്യ. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലാണ് അർഷ്ദീപ് സിംഗ് എന്ന അർഷ ദല്ല . കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ അടുത്ത സഹായിയുമായിരുന്നു ഇയാൾ . ഇന്ത്യയിൽ നിയമനടപടി നേരിടാതെ ഒളിവിൽ പോയ കുറ്റവാളിയായതിനാൽ കൈമാറണമെന്നാണ് ഇന്ത്യയുടെ അവശ്യം.
ഒക്ടോബർ 27, 28 തീയതികളിൽ കാനഡയിലെ മിലിട്ടൺ ടൗണിൽ നടന്ന വെടിവെയ്പ്പിന് പിന്നിൽ അർഷ ദല്ലയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ദല്ല കനേഡിയൻ പൊലീസിന്റെ നിരീക്ഷണത്തിലായത്.ഈ വർഷം സെപ്റ്റംബറിൽ മോഗയിലെ വസതിയിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടതിന് പിന്നിലും ദല്ലയാണെന്ന് സൂചനകളുണ്ട്.ഇയാളെ വിട്ടുനൽകണമെന്ന് അഭ്യർത്ഥിച്ച് 2023 ജൂലൈയിൽ തന്നെ ഇന്ത്യ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടിരുന്നു.
ദല്ലക്കെതിരായ കേസിൽ വാദം കേൾക്കാൻ ഒന്റാറിയോ കോടതി ലിസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദല്ലയെ വിട്ടുകിട്ടണമെന്ന ആവശ്യം ഇന്ത്യ ഉന്നയിക്കുന്നത്.പഞ്ചാബിലെ മോഗ സ്വദേശിയായ അർഷദീപ് ഇന്ത്യയിൽ നിന്ന് രക്ഷപെട്ട് ഏറെ കാലമായി കുടുംബത്തോടെ കാനഡയിലായിരുന്നു താമസം. ഖാലിസ്ഥാനി ടൈഗർ ഫോഴ്സിന്റെ നേതാവാണ് നിലവിൽ ആർഷ ദല്ല. നിജ്ജാറിനെ പിൻഗാമിയായാണ് ഖലിസ്ഥാനികൾ ദല്ലയെ കാണുന്നത്.