ഒട്ടാവ : ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ അർഷ്ദീപ് സിംഗ് കാനഡയിൽ അറസ്റ്റിൽ . കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ അടുത്ത സഹായിയാണ് ആർഷ ദല്ല എന്ന അർഷ്ദീപ് സിംഗ് . ഒക്ടോബർ 27, 28 തീയതികളിൽ കാനഡയിലെ മിലിട്ടൺ ടൗണിൽ നടന്ന വെടിവെയ്പ്പിന് പിന്നിൽ ആർഷ ദല്ലയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് ദല്ല കനേഡിയൻ പൊലീസിന്റെ നിരീക്ഷണത്തിലായത്.
പഞ്ചാബിലെ മോഗ സ്വദേശിയായ അർഷദീപ് ഇന്ത്യയിൽ നിന്ന് രക്ഷപെട്ട് ഏറെ കാലമായി കുടുംബത്തോടെ കാനഡയിലായിരുന്നു താമസം. ഖാലിസ്ഥാനി ടൈഗർ ഫോഴ്സിന്റെ നേതാവാണ് നിലവിൽ ആർഷ ദല്ല. നിജ്ജാറിനെ പിൻഗാമിയായാണ് ഖലിസ്ഥാനികൾ ദല്ലയെ കാണുന്നത്.
ഈ വർഷം സെപ്റ്റംബറിൽ മോഗയിലെ വസതിയിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടതിന് പിന്നിലും ദല്ലയാണെന്ന് സൂചനകളുണ്ട്. കഴിഞ്ഞ ദിവസം ദല്ലയുടെ സംഘത്തിലെ രണ്ട് പേരെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തിരുന്നു. സിഖ് ആക്ടിവിസ്റ്റായ ഗുർപ്രീത് സിംഗ് ഹരി നാവുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. കാനഡയിലെ ഹിന്ദുക്ഷേത്രം ആക്രമിച്ച് ദിവസങ്ങൾക്കുള്ളിലാണ് ദല്ല പിടിയിലാകുന്നത്.