റായ്പൂർ: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റർ വന്ദന ഫ്രാൻസിസും അങ്കമാലിയിലെ എളവൂർ ഇടവകയിലെ സിസ്റ്റർ പ്രീതി മേരിയുമാണ് അറസ്റ്റിലായത് . പ്രദേശത്തെ ഒരു കൂട്ടം ആളുകളുടെ പരാതിയിലാണ് പോലീസ് . മനുഷ്യക്കടത്ത് ആരോപിച്ച് ഇരുവരെയും നാട്ടുകാർ തടഞ്ഞു വച്ചിരുന്നു. കഴിഞ്ഞ ദിവസം ദുർഗ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന രണ്ട് കന്യാസ്ത്രീകൾ മൂന്ന് പെൺകുട്ടികളെ സഹായത്തിനായി കൊണ്ടുപോകാൻ ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. പെൺകുട്ടികൾ ഇവിടെ കന്യാസ്ത്രീകൾക്കായി കാത്തിരിക്കുകയായിരുന്നു. അതിനിടയിൽ, ടിടിഇ എത്തി ടിക്കറ്റ് ചോദിച്ചു. പക്ഷേ പെൺകുട്ടികളുടെ കൈവശം പ്ലാറ്റ്ഫോം ടിക്കറ്റുകൾ ഉണ്ടായിരുന്നില്ല. കാര്യം അന്വേഷിച്ചപ്പോൾ, കന്യാസ്ത്രീകൾ തങ്ങളെ കൊണ്ടുപോകാൻ വരുന്നുണ്ടെന്ന് പെൺകുട്ടികൾ പറഞ്ഞു. എന്നാൽ, ടിടിഇ ഇത് വിശ്വസിച്ചില്ല, പ്രാദേശിക പ്രവർത്തകരെ അറിയിച്ചു.
മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നും പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് കൊണ്ടുപോകുകയാണെന്നും ആളുകൾ ആരോപിച്ചു. ഇത് റെയിൽവേ സ്റ്റേഷനിൽ വലിയ പ്രതിഷേധത്തിന് കാരണമായി. കന്യാസ്ത്രീകൾക്കൊപ്പം ഒരു സഹായിയും ഉണ്ടായിരുന്നു. തങ്ങൾ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും ആശുപത്രിയിൽ ജോലിക്ക് പോകുകയാണെന്നും പെൺകുട്ടികൾ പറഞ്ഞു. മാതാപിതാക്കളിൽ നിന്നുള്ള സമ്മതപത്രങ്ങളും തിരിച്ചറിയൽ രേഖകളും പെൺകുട്ടികൾ അവരെ കാണിച്ചു. എങ്കിലും, കൂടുതൽ അന്വേഷണത്തിനായി കന്യാസ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെൺകുട്ടികളുടെ സംരക്ഷണം വനിതാ ക്ഷേമ സംരക്ഷണ സമിതി ഏറ്റെടുത്തു.

