ശ്രീനഗർ : പാക് അധീന കശ്മീരിൽ ഭീകര പരിശീലന ക്യാമ്പുകൾ വീണ്ടും സജീവമാകുന്നു . വെള്ളിയാഴ്ച, ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരുടെ ഒരു വലിയ സംഘം ബഹാവൽപൂരിൽ ഒത്തുകൂടിയതായും, ലഷ്കർ-ഇ-തൊയ്ബ (എൽഇടി) പിഒകെയിൽ വനിതാ വിഭാഗം സജീവമാക്കിയിട്ടുണ്ടെന്നുമാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് . അബ്ദുർ റൗഫ്, റിസ്വാൻ ഹനീഫ്, അബു മൂസ തുടങ്ങിയ എല്ലാ ഉന്നത നേതാക്കളും യോഗത്തെ അഭിസംബോധന ചെയ്യാൻ പിഒകെയിലെ മിർപൂരിൽ സന്നിഹിതരായിരുന്നുവെന്നും സൂചനയുണ്ട്.
2026 ജനുവരി 1 മുതൽ പാക് അധിനിവേശ കശ്മീരിലെ മിർപൂരിൽ ഏഴ് ദിവസത്തെ തർബിയ പരിശീലന ക്യാമ്പ് ജെയ്ഷ്-ഇ-മുഹമ്മദ് സംഘടിപ്പിക്കും. ഗാർഹി ഹബീബുള്ള, ബാലകോട്ട്, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ജെയ്ഷ്-ഇ-മുഹമ്മദ് പൊതു റാലികൾ നടത്താനും തീരുമാനിച്ചിട്ടുണ്ട് . നിരവധി കൊച്ചുകുട്ടികളും അവരുടെ പരിശീലന ക്യാമ്പുകളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.
കശ്മീർ ടൈഗേഴ്സ് ആണ് തങ്ങളുടെ മുന്നണിയെന്ന് ജെയ്ഷെ മുഹമ്മദ് പരസ്യമായി സമ്മതിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ പല സ്ഥലങ്ങളിലും ലഷ്കർ ഭീകര ക്യാമ്പുകളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ലോവർ ദിറിലെ ജിഹാദ്-ഇ-അഖ്സ എന്ന ലഷ്കർ പരിശീലന ക്യാമ്പ് കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രവർത്തനക്ഷമമാണ്.ഓപ്പറേഷൻ സിന്ദൂരിന്റെ കീഴിൽ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് പ്രധാന ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയിരുന്നു.

