ശ്രീഹരിക്കോട്ട : സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ള തിളച്ചുമറിയുന്ന പ്രഭാവലയമായ കൊറോണയെ കുറിച്ച് പഠിക്കാനുള്ള പ്രോബ-3 ദൗത്യ പേടകം ഇന്ന് വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വൈകിട്ട് 4.08 നാണ് വിക്ഷേപണം.
യൂറോപ്യൻ ബഹിരാകാശ ഏജൻസിയും, ഐഎസ്ആർഒയുടെ കൊമേഷ്യൽ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഏകദേശം 150 മീറ്റർ വ്യത്യാസത്തിൽ രണ്ട് പേടകങ്ങളേയും വേർപെടുത്തുകയെന്ന സങ്കീർണതയും ഈ ദൗത്യത്തിനുണ്ട്.
ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപത്തറയിൽ നിന്നാണ് പിഎസ്എൽവി-സി59 റോക്കറ്റിൽ പ്രോബ 3 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്. ബഹിരാകാശത്ത് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യനെ ആഴത്തിൽ പഠിക്കാനാണ് ഉദ്ദേശ്യം . രണ്ട് ഉപഗ്രഹങ്ങളാണ് ദൗത്യത്തിൽ ഒരുമിച്ച് വിക്ഷേപിക്കുന്നത്. 200 കിലോഗ്രാം ഭാരമുള്ള ഓക്യുല്‍റ്റര്‍, 340 കിലോഗ്രാം ഭാരമുള്ള കൊറോണഗ്രാഫ് എന്നിവയാണ് ഉപഗ്രഹങ്ങള്‍.
ഒറ്റത്തവണ തുടർച്ചയായി ആറ് മണിക്കൂർ വരെ കൊറോണയെ നിരീക്ഷിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ യാത്രാപഥം നിശ്ചയിച്ചിരിക്കുന്നത്. 2001 ൽ വിക്ഷേപിച്ച പ്രോബ -1, പ്രോബ-2 എന്നിവയുടെ തുടർച്ചയാണ് പ്രോബ -3