ഹൈദരാബാദ്: മനുഷ്യനു മുൻപേ ബഹിരാകാശത്തേയ്ക്ക് കുതിക്കാൻ ഒരുങ്ങുകയാണ് 8 വൻപയർ വിത്തുകളും ഒരു പാലക് ചീരയും.30നു വിക്ഷേപിക്കുന്ന സ്പാഡെക്സ് ദൗത്യത്തിന്റെ ഭാഗമായുള്ള റോക്കറ്റ് അവശിഷ്ട ഉപഗ്രഹം ‘പോയം 4’ൽ ബഹിരാകാശം സന്ദർശിക്കുക.
ഭൗമാന്തരീക്ഷത്തിനു തുല്യമായി മർദം നിറച്ച കണ്ടെയ്നറിൽ ഓക്സിജൻ, കാർബൺ ഡയോക്സൈഡ്, ആപേക്ഷിക ആർദ്രത, ചൂട് തുടങ്ങിയവ കൃത്യമായി ലഭ്യമാക്കിയാണ് പയർവിത്തുകൾ അയയ്ക്കുന്നത്. ഇവ 2 ഇലകൾ മുളയ്ക്കുന്ന അവസ്ഥയിലേക്കു വളരുമോയെന്നു ക്യാമറയിലൂടെ നിരീക്ഷിക്കും.
‘സ്പാഡെക്സ്’ സ്പേസ് ഡോക്കിങ് പരീക്ഷണത്തിന് തയ്യാറെടുക്കുകയാണിപ്പോൾ ഐഎസ്ആർഒ. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണിത്. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് നിർണായകമായിരിക്കും സ്പാഡെക്സ് ദൗത്യം.
ഉപഗ്രഹങ്ങളെ രണ്ടായി വിക്ഷേപിച്ച് ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുന്നതാണ് ദൗത്യം. ഉപഗ്രഹങ്ങൾ രണ്ടായി വിക്ഷേപിച്ചതിന് ശേഷം ഒന്നായി കൂട്ടിച്ചേർക്കുമ്പോൾ (ഡോക്കിങ്) എങ്ങനെ പ്രവർത്തിക്കുമെന്ന് മനസിലാക്കാൻ സ്പാഡെക്സ് ദൗത്യം വഴി സാധിക്കും. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിലും ഭാവി ചാന്ദ്ര ദൗത്യങ്ങളിലും ഈ പരീക്ഷണം നിർണായകമായിരിക്കും.
സ്പാഡെക്സ് ദൗത്യത്തിന്റെ വിക്ഷേപണത്തിനുള്ള അവസാനഘട്ട തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്. 30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 9.59നാണ് വിക്ഷേപണം. പിഎസ്എൽവി റോക്കറ്റിലാണ് വിക്ഷേപിക്കുക.
24 പേലോഡുകൾ വഹിക്കുന്നതാണ് ദൗത്യം. അതിൽ 14 എണ്ണം ഐഎസ്ആർഒയുടേതും 10 എണ്ണം സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ളതുമാണ്. ‘ചേസർ’, ‘ടാർഗെറ്റ്’ എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് ദൗത്യത്തിൽ വിക്ഷേപിക്കുക. രണ്ട് ഉപഗ്രഹങ്ങളും വേർപിരിഞ്ഞു കഴിഞ്ഞാൽ അവയുടെ പേലോഡുകളുടെ പ്രവർത്തനം ആരംഭിക്കും. ഓരോ ഉപഗ്രഹത്തിനും 220 കിലോ ഗ്രാം ഭാരമുണ്ട്. 470 കിലോമീറ്റർ ഉയരത്തിലുള്ള സർക്കുലർ ലോ എർത്ത് ഓർബിറ്റിൽ വെച്ച് രണ്ട് പേടകങ്ങളും കൂട്ടിച്ചേർക്കുകയാണ് ഐഎസ്ആർഒയുടെ ലക്ഷ്യം.
വിക്രം സാരാഭായ് സ്പേസ് സെന്റർ, സ്പേസ് ഫിസിക്സ് ലബോറട്ടറി, ഐഐഎസ്ടി വലിയമല തുടങ്ങിയ സ്ഥാപനങ്ങൾ ചേർന്നാണ് 24 പേലോഡുകൾ വികസിപ്പിച്ചിരിക്കുന്നത്. അമിറ്റി യൂണിവേഴ്സിറ്റി, ബെലാട്രിക്സ് എയ്റോസ്പേസ്, ബംഗളൂരുവിലെ ആർ വി കോളജ് ഓഫ് എന്ജിനീയറിങ്, ടേക്ക്മീ 2 സ്പേസ് എന്നീ സ്ഥാപനങ്ങളുൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങൾ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്.