ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 കേസുകളുടെ എണ്ണം 3,000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം . ശനിയാഴ്ച പുറത്തിറക്കിയ കണക്കുകൾ പ്രകാരം, കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ . 1,336 എണ്ണം രേഖപ്പെടുത്തിയിട്ടുണ്ട്, തൊട്ടുപിന്നിൽ മഹാരാഷ്ട്രയും ഡൽഹിയും ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാല് കോവിഡ് മരണങ്ങൾ ഉണ്ടായി . ഡൽഹി, കേരളം, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മരണങ്ങൾ സംഭവിച്ചത്.
രാജ്യത്ത് സജീവ കേസുകളുടെ എണ്ണം മെയ് 22 ന് വെറും 257 ആയിരുന്നു. മെയ് 26 ആയപ്പോഴേക്കും ഇത് 1,010 ആയി വർദ്ധിച്ചു, ശനിയാഴ്ച ഇത് 3,395 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 685 പുതിയ കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
കേരളം (1,336), മഹാരാഷ്ട്ര (467), ഡൽഹി (375), ഗുജറാത്ത് (265), കർണാടക (234), പശ്ചിമ ബംഗാൾ (205), തമിഴ്നാട് (185), ഉത്തർപ്രദേശ് (117) എന്നിങ്ങനെയാണ് കണക്കുകൾ. സംഖ്യകൾ വർദ്ധിച്ചുവരുന്നുണ്ടെങ്കിലും, സ്ഥിതി സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും മിക്ക രോഗികളും ഹോം കെയറിലാണെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
‘ ഒമൈക്രോണിന്റെ നാല് ഉപ വകഭേദങ്ങൾ – LF.7, XFG, JN.1, NB.1.8.1 – കണ്ടെത്തി. ആദ്യത്തെ മൂന്നെണ്ണം കൂടുതൽ കേസുകളിൽ കണ്ടെത്തി. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ജാഗ്രത പാലിക്കണം, പക്ഷേ ആശങ്കപ്പെടേണ്ട കാര്യമില്ല.‘ എന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബെൽ പറഞ്ഞത്.

