ടെഹ്റാൻ: ഇസ്രായേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാൻ ഉടൻ തന്നെ വിട്ടുപോകണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി . സ്വന്തമായി നഗരം വിട്ടുപോകാൻ കഴിവുള്ള വിദ്യാർത്ഥികളും പൗരന്മാരും ഉടൻ തന്നെ അത് ചെയ്യണമെന്നാണ് നിർദേശം .
എംബസിയിൽ രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികൾ രജിസ്ട്രേഷൻ പ്രക്രിയ ഉടൻ പൂർത്തിയാക്കാനും നിർദ്ദേശിച്ചിട്ടുണ്ട് . +98 9010144557, +98 9128109109, +98 9128109109 എന്നീ മൂന്ന് ഹെൽപ്പ്ലൈൻ നമ്പറുകളും എംബസി പങ്ക് വച്ചു. ഇസ്രായേലിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരെയും ഒഴിപ്പിക്കും. ടെൽ അവീവിൽ നിന്ന് ജോർദാൻ, ഈജിപ്ത് അതിർത്തികൾ വഴി അവരെ കൊണ്ടുവരാനുള്ള നീക്കം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്.
അതേസമയം ഇറാനിൽ നിന്നുള്ള ഇരുനൂറോളം വിദ്യാർത്ഥികൾ അർമേനിയ വഴി അതിർത്തി കടന്നു. . വെള്ളിയാഴ്ച സംഘർഷം ആരംഭിച്ചതിനുശേഷം ഇറാനിൽ 224 മരണങ്ങളും ഇസ്രായേലിൽ 24 മരണങ്ങളും സ്ഥിരീകരിച്ചു. അയത്തുള്ള ഭരണകൂടത്തെ താഴെയിറക്കാൻ ഇസ്രായേൽ കഠിനമായി പരിശ്രമിക്കുകയാണ് . അതേസമയം ആയത്തുള്ള അലി ഖമേനി കുടുംബത്തോടൊപ്പം ഭൂഗർഭ ബങ്കറിൽ അഭയം പ്രാപിച്ചു. ടെഹ്റാന്റെ വടക്കുകിഴക്കുള്ള ലാവിസാനിലാണ് ഖമേനി ഉള്ളതെന്ന് കരുതപ്പെടുന്നു. വെള്ളിയാഴ്ച ഖമേനിയെ വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടതിനെത്തുടർന്ന് പിൻവാങ്ങി.