വാഷിങ്ടണ്‍: അമേരിക്കയില്‍ ഹമാസ് അനുകൂല വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ യുഎസ് അധികൃതര്‍ നാടുകടത്തി. ഹമാസിനെ പിന്തുണച്ചതിനും യുഎസിനെതിരെ സമരം ചെയ്തതിനുമാണ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്കില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായ രഞ്ജിനി ശ്രീനിവാസനെ നാടുകടത്തിയത്.
വിദ്യാര്‍ത്ഥി വിസയിലെത്തി രാജ്യത്തിനെതിരെ സമയം ചെയ്തതിന് രഞ്ജിനിയുടെ വിസ യുഎസ് അധികൃതര്‍ നേരത്തെ റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റിയുടെ സിബിപി ആപ്പ് ഉപയോഗിച്ച് സ്വയം രാജ്യം വിടാനുള്ള സന്നദ്ധത രഞ്ജിനി അറിയിക്കുകയായിരുന്നു.
അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ച്ച് രണ്ടാംവാരമാണ് ഹോംലാന്റ് സെക്യൂരിര്റി സിബിപി ആപ്പ് പുറത്തിറക്കിയത്. വിസ റദ്ദാക്കപ്പെടുന്നവര്‍ക്ക് നാടുകടത്തുന്നതിന് സമ്മതമാണെന്ന് ആപ്പിലൂടെ അറിയിക്കാം. യുഎസിലെ ശിക്ഷാ നടപടികള്‍ ഒഴിവാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള അവസരമാണിത്. രഞ്ജിനി ശ്രീനിവാസന് ഈ ആപ്പിലൂടെ ഇന്ത്യയിലേക്ക് മടങ്ങാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു.
രഞ്ജിനി നാട്ടിലേക്ക് പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പുറത്തുവിട്ടു. യുഎസില്‍ പഠിക്കാനും ജീവിക്കാനുമാണ് യുഎസ് വിസ നല്‍കുന്നതെന്നും അക്രമത്തിനും ഭീകരവാദത്തിനും പിന്തുണ നല്‍കുന്നത് അവകാശമായി കണ്ടാല്‍ ഈ രാജ്യത്തുണ്ടാവില്ലെന്നും ക്രിസ്റ്റി നോം അറിയിച്ചു.