ന്യൂഡൽഹി : ഒമാൻ തീരത്ത് ചരക്കുക്കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ഇന്ത്യയിലേക്ക് വരികയായിരുന്ന ‘എംവി കേപ് ഡാവോ’ എന്ന കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത് . ഉത്തർപ്രദേശിലെ ഡിയോറിയ സ്വദേശിയായ സൂരജ് യാദവാണ് മരിച്ചത്.
ആക്രമണത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. കപ്പലിലുണ്ടായിരുന്ന മറ്റ് 19 പേരെ രക്ഷപ്പെടുത്തിയതായും മന്ത്രാലയം സ്ഥിരീകരിച്ചു.ഒമാനിലെ ഇന്ത്യൻ എംബസി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, രക്ഷപ്പെട്ട നാവികരെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി ഒമാൻ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാൻ അധികൃതരുടെ പിന്തുണയ്ക്ക് മന്ത്രാലയം നന്ദി അറിയിക്കുകയും ചെയ്തു.
വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ “അതീവ ആശങ്കാജനകമാണെന്ന്” പറഞ്ഞ വിദേശകാര്യ മന്ത്രാലയം, സംഘർഷം ലഘൂകരിക്കുന്നതിനായി ചർച്ചകളും നയതന്ത്രപരമായ നീക്കങ്ങളും വേണമെന്നും ആവശ്യപ്പെട്ടു.
മേഖലയിലെ അന്താരാഷ്ട്ര ജലപാതകളിലൂടെ തടസ്സമില്ലാത്ത കപ്പൽ ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം കപ്പലിന് നേരെ രണ്ട് ടോർപ്പിഡോകൾ പതിച്ചതായി ‘ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ’ അറിയിച്ചു. ഒന്ന് കപ്പലിന്റെ ഇടതുവശത്ത് ജീവനക്കാരുടെ താമസസ്ഥലമുള്ള ‘സി-ഡെക്കിലും’ , മറ്റൊന്ന് എൻജിൻ റൂമിന് സമീപം കപ്പലിന്റെ പുറംഭാഗത്തും ആണ് പതിച്ചതെന്നും എഫ്എസ്യുഐ പറഞ്ഞു .

