കൊല്ലം : മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്ക് വച്ച കേസിൽ അറസ്റ്റിലായിരുന്ന യുവാവ് അറസ്റ്റിൽ . കൊട്ടാരക്കര പടിഞ്ഞാറ്റിൻകര സ്വദേശി ബിജു ആണ് പിടിയിലായത്.
‘ബിജു കാടാംകുളം’ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പ്രമുഖ വ്യക്തികൾക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതായാണ് അധികൃതർ പറയുന്നത്. കൊട്ടാരക്കരയിലെ ഒരു അഭിഭാഷകൻ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. തനിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതോടെ ബിജു മൊബൈൽ ഫോൺ ഓഫാക്കി ഒളിവിൽ പോവുകയായിരുന്നു.
അന്വേഷണത്തിനൊടുവിൽ, എഴുകോൺ സബ് ഇൻസ്പെക്ടർ ദീപു പിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത് . അറസ്റ്റ് സമയത്ത് ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. തുടർന്ന്, കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഇയാളുടെ വീട്ടിലും വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തും പോലീസ് പരിശോധന നടത്തി.
പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും, പിടിച്ചെടുത്ത മൊബൈൽ ഫോൺ പരിശോധനയ്ക്കായി കോടതി മുഖേന ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കുമെന്നും കൊട്ടാരക്കര ഡി വൈ എസ് പി എസ്. ഷെരീഫ് അറിയിച്ചു.

