ന്യൂഡൽഹി: ഏപ്രിൽ 22ന്, സാധാരണക്കാരായ 26 ഇന്ത്യക്കാരുടെ മരണത്തിന് ഇടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന്, ഇന്ത്യ പാകിസ്താന് ശക്തമായ മറുപടി നൽകിയതായി സംയുക്ത വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ സൈന്യം. മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ, ലെഫ്റ്റ്നന്റ് ജനറൽ രാജീവ് ഘായ്, നേവൽ ഓപ്പറേഷൻസ് ഡിജി വൈസ് അഡ്മിറൽ എ എൻ പ്രമോദ്, എയർ ഓപ്പറേഷൻസ് ഡിജി, എയർ മാർഷൽ എ കെ ഭാരതി എന്നിവരാണ് ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങൾ രാജ്യത്തോട് വിശദീകരിച്ചത്.
അതിർത്തിക്കപ്പുറം പാകിസ്താനിലെ ഭീകരവാദ ക്യാമ്പുകൾ ലക്ഷ്യമാക്കി നടത്തിയ ഒരു ഭീകരവിരുദ്ധ സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. നൂറിലധികം ഭീകരവാദികളെ ഈ ദൗത്യത്തിലൂടെ സൈന്യം വധിച്ചു. പാകിസ്താനിലെ 11 വ്യോമതാവളങ്ങൾ തകർത്തു. പാകിസ്താന്റെ സൈനിക ഘടനക്ക് വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കി.
സാധാരണ ജനങ്ങൾക്ക് യാതൊരു അപായവും വരുത്താത്ത തരത്തിലായിരുന്നു കര, വ്യോമ, നാവിക നീക്കങ്ങളുടെ പദ്ധതികൾ തയ്യാറാക്കപ്പെട്ടിരുന്നത്. പാകിസ്താനിലെ ഏതൊരു സംവിധാനത്തെയും തകർക്കാനുള്ള ശേഷി ഇന്ത്യൻ സൈന്യത്തിനുണ്ടെന്ന് ബോദ്ധ്യപ്പെടുത്താൻ ഈ ഓപ്പറേഷനിലൂടെ സാധിച്ചുവെന്ന് എയർ മാർഷൽ എ കെ ഭാരതി വ്യക്തമാക്കി.
അവിവേകത്തിന്റെ ഭവിഷ്യത്ത് സർവ്വനാശമായിരിക്കുമെന്ന് പാകിസ്താനെ ബോദ്ധ്യപ്പെടുത്താൻ ഓപ്പറേഷൻ സിന്ദൂറിലൂടെ സാധിച്ചു. പാകിസ്താൻ ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമാക്കി വലിയ തോതിൽ ഡ്രോൺ ആക്രമണങ്ങൾ നടത്തി. മെയ് 8ന് രാത്രിയായിരുന്നു അവർ ആക്രമണം ആരംഭിച്ചത്. പാകിസ്താന്റെ ഏതൊരു ആക്രമണവും നേരിടാൻ ഇന്ത്യ സജ്ജമായിരുന്നു. പാകിസ്താന്റെ ഡ്രോൺ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ഫലപ്രദമായി നിർവീര്യമാക്കാൻ ഇന്ത്യക്ക് സാധിച്ചു.
അടിച്ചാൽ നോവുന്ന മർമ്മം നോക്കി പ്രഹരിക്കാനായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ പദ്ധതി. ഇതിൻ പ്രകാരം പാകിസ്താന്റെ വ്യോമ താവളങ്ങൾ, സൈനിക സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഇന്ത്യ തകർത്തു. ചക്ലാല, റഫീഖ്, റഹീം യാർ ഖാൻ എന്നീ താവളങ്ങൾ നാമാവശേഷമാക്കി. സർഗോദ, ഭുലാരി, ജാക്കൊബദാബാദ് എന്നിവിടങ്ങളിലെ ആക്രമണങ്ങളിലൂടെ, ഒരു തരത്തിലുള്ള കടന്നുകയറ്റങ്ങൾക്കും മാപ്പില്ലെന്ന ശക്തമായ സന്ദേശം പാകിസ്താന് നൽകാൻ ഇന്ത്യ സേനകൾക്ക് കഴിഞ്ഞു. ലാഹോറിലെയും ഗുജ്രൺവാലയിലെയും നിരീക്ഷണ റഡാർ സംവിധാനങ്ങളും ഇന്ത്യ തകർത്തു.
വിദേശ സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരുമായി പോയ യാത്രാവിമാനങ്ങളെ കവചമാക്കി പാകിസ്താൻ ഡ്രോൺ ആക്രമണങ്ങൾ നടത്തി. എന്നാൽ ആ തന്ത്രത്തെയും മറികടന്ന് ലക്ഷ്യങ്ങൾ ഭേദിക്കാൻ ഇന്ത്യക്ക് സാധിച്ചപ്പോൾ, പാകിസ്താന് സംഭവിച്ചത് എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത നാശനഷ്ടങ്ങളാണ്.
ഇന്ത്യ ലക്ഷ്യമിട്ട എല്ലാ കാര്യങ്ങളും വിജയകരമായി പൂർത്തിയാക്കി. ഇന്ത്യൻ പ്രത്യാക്രമണത്തിന്റെ ഫലമായി ഉണ്ടായ ആൾനാശത്തിന്റെ കണക്ക് പാകിസ്താന് എണ്ണാൻ വിട്ടുകൊടുക്കുകയായിരുന്നു എന്നും എയർ മാർഷൽ ഭാരതി പറഞ്ഞു. സൈനിക നടപടിയുടെ രഹസ്യാത്മക സ്വഭാവം സംരക്ഷിക്കാനുള്ളതിനാൽ, ആയുധങ്ങളുടെ സാങ്കേതിക വിവരങ്ങൾ വെളിപ്പെടുത്താൻ പരിമിതികൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
1999ലെ കാണ്ഡഹാർ വിമാന റാഞ്ചൽ, 2019ലെ പുൽവാമ ഭീകരാക്രമണം എന്നിവയിൽ പങ്കാളികളായിരുന്നവർ ഉൾപ്പെടെ നൂറിലധികം ഭീകരരെ വധിക്കാൻ ഇന്ത്യക്ക് സാധിച്ചതായി മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ, ലെഫ്റ്റ്നന്റ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കി. കണിശമായ കൃത്യതയോടെയാണ് ഇന്ത്യ പാക് അധീന കശ്മീരിൽ ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരെ വകവരുത്തുന്നതിനോടൊപ്പം അവരുടെ ഭീകരകേന്ദ്രങ്ങൾ തകർക്കുക എന്നതും ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യമായിരുന്നു. യൂസഫ് അസർ, അബ്ദുൾ മാലിക് റൗഫ്, മുദാസർ അഹമ്മദ് എന്നീ കൊടും ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചതായും ജനറൽ രാജീവ് ഘായ് വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണം ഉൾപ്പെടെ നിരവധി ആക്രമണങ്ങൾക്കുള്ള മറുപടിയായിരുന്നു ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ. ഭീകരവാദത്തിനോട് സന്ധിയില്ലാത്ത പോരാട്ടം എന്ന ഇന്ത്യയുടെ അചഞ്ചലമായ നിലപാട് ലോകത്തിന് ഒരിക്കൽക്കൂടി ബോദ്ധ്യപ്പെടുത്താൻ ഇതിലൂടെ നമുക്ക് സാധിച്ചുവെന്നും സൈന്യം അറിയിച്ചു.

