ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസ് മിസൈലിന്റെ നൂതന പതിപ്പ് ഇന്ത്യൻ സൈന്യത്തിനായി ഒരുങ്ങുന്നു. ബ്രഹ്മോസിന്റെ 800 കിലോമീറ്റര്‍ പരിധിയുള്ള പതിപ്പ് സേനയില്‍ ഉള്‍പ്പെടുത്തും. പരീക്ഷണം അവസാന ഘട്ടത്തിലാണ്. കരയിൽനിന്ന് തൊടുക്കാവുന്ന ബ്രഹ്മോസ് സുഖോയ് 30 എംകെഐ എന്ന യുദ്ധവിമാനത്തില്‍നിന്നും വിക്ഷേപിക്കാം. പടക്കപ്പലുകളില്‍നിന്നും ആവശ്യമെങ്കില്‍ അന്തര്‍വാഹിനികളില്‍നിന്നും ബ്രഹ്മോസ് തൊടുക്കാം.
നിലവിൽ, 450 കിലോമീറ്ററിൽ കൂടുതൽ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിവുള്ള ക്രൂയിസ് മിസൈലുകൾ സൈന്യം ഉപയോഗിക്കുന്നുണ്ട്. 800 കിലോമീറ്ററിൽ കൂടുതൽ പ്രഹരശേഷിയുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വകഭേദത്തിന് ഇന്ത്യൻ സൈന്യം ഓർഡർ നൽകാൻ പദ്ധതിയിടുന്നുണ്ടെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.
വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ഒരു ഉന്നതതല യോഗത്തിൽ പ്രതിരോധ മന്ത്രാലയം സൈന്യത്തിന്റെ നിർദ്ദേശം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. . ആധുനിക യുദ്ധത്തിന് തയ്യാറെടുക്കുന്നതിനായി, ഇന്ത്യൻ സൈന്യം വലിയ അളവിൽ ഡ്രോണുകളും മിസൈലുകളും ആയുധശേഖരത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു.ഇനി ഗെയിം ചേഞ്ചറാകാന്‍ പോകുന്നത് ബ്രഹ്മോസിന്റെ 800 കിലോമീറ്റര്‍ പതിപ്പാണ്. പരീക്ഷണം പുരോഗമിക്കുകയാണ്. 2027 അവസാനത്തോടെ മിസൈല്‍ സേനയില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം.

