കോഴിക്കോട്: അനൗൺസ്മെന്റ് വിവാദവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി എൽഡിഎഫ് സ്ഥാനാർത്ഥി ടി പി രാമകൃഷ്ണൻ. നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നും മതപരമായ സ്പർദ്ധയുണ്ടാക്കുന്ന പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും ടി പി രാമകൃഷ്ണൻ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.
പേരാമ്പ്രയിൽ പ്രചാരണത്തിനിടെ ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയയ്ക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്നാണ് പരാതി. ഇടതുമുന്നണിയുടെ പ്രഖ്യാപനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന പരാതിയിൽ വിശദീകരണം തേടിയാണ് നോട്ടീസ് അയച്ചിരുന്നത്. പരാതിയിലെ അന്വേഷണവുമായി സഹകരിക്കുമെന്ന് ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തും. വർഗീയതയെക്കുറിച്ച് പറഞ്ഞ് എൽഡിഎഫ് വോട്ട് തേടില്ല. മതേതരത്വത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ് സിപിഎം. എന്നാൽ, ചില പ്രസ്താവനകളും നാടൻ പ്രയോഗങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു
അതേസമയം യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹിലിയ മതത്തിന്റെ പേരിൽ വോട്ട് തേടുന്നതായി എൽഡിഎഫിന് ഒരു ആരോപണവുമില്ലെന്ന് ടി പി രാമകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇടതുപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനിൽ അത്തരമൊരു പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തെളിവായി ഹാജരാക്കാമെന്നും പ്രഖ്യാപന വിവാദത്തിൽ പെൻ ഡ്രൈവുകളും നൽകാമെന്നും രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

