ഗുവാഹത്തി ; തന്റെ ഭാര്യയ്ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് നീങ്ങുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . കോൺഗ്രസ് നേതാവ് പവൻ ഖേരയാണ് വാർത്താസമ്മേളനത്തിൽ ഹിമന്തയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.
റിനികി ഭൂയാൻ ശർമ്മയ്ക്ക് മൂന്ന് വിദേശ പാസ്പോർട്ടുകൾ ഉണ്ടെന്നും , ഇന്ത്യൻ പൗര അല്ലെന്നും ദുബായിൽ സ്വത്തും അമേരിക്കയിൽ ഒരു കമ്പനിയും ഉണ്ടെന്നാണ് കോൺഗ്രസ് ആരോപിച്ചത് . ഈ ആരോപണങ്ങൾക്ക് കൃത്യമായി ഹിമന്തബിശ്വ ശർമ്മ മറുപടിയും നൽകി .
വരാനിരിക്കുന്ന അസം തെരഞ്ഞെടുപ്പിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് പറഞ്ഞ ഹിമന്ത ബിശ്വ ശർമ്മ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ, പാകിസ്ഥാൻ ടെലിവിഷൻ ചാനലുകൾ അസം തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 11 ടോക്ക് ഷോകൾ സംപ്രേഷണം ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി . ഈ ടോക്ക് ഷോകളിൽ ഓരോന്നും തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ വിജയം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ പത്രസമ്മേളനത്തിൽ ഉപയോഗിച്ച കാര്യങ്ങൾ യഥാർത്ഥത്തിൽ പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പുകളാണ് നൽകിയതെന്ന് അന്വേഷണത്തിനിടെ കണ്ടെത്തിയതായി മുഖ്യമന്ത്രി ശർമ്മ വെളിപ്പെടുത്തി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫോട്ടോഷോപ്പ് എന്നിവ ഉപയോഗിച്ച് വ്യാജമായി നിർമ്മിച്ചെടുത്ത പാസ്പോർട്ട് ചിത്രങ്ങളാണ് പവൻ ഖേര പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രചരിപ്പിക്കുന്നതെന്നും ഹിമന്ത പറഞ്ഞു . പവൻ ഖേരയ്ക്കും കോൺഗ്രസിനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യു മെന്നും അദ്ദേഹം പറഞ്ഞു.തന്റെ ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്ത കമ്പനികൾ ഏതൊരു വ്യക്തിക്കും വെറും 199 യുഎസ് ഡോളർ ഫീസ് നൽകിയാൽ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നും ഹിമന്ത വിശദീകരിച്ചു

