ന്യൂഡൽഹി : പൗരന്മാരുടെ മികച്ച താൽപ്പര്യങ്ങൾ മനസ്സിൽ വെച്ചാണ് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്നതെന്ന് ഇന്ത്യ . ഇനി റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ നിലപാട് വ്യക്തമാക്കിയത്.
ട്രംപിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. “ ഇന്ത്യ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് . അസ്ഥിരമായ ഊർജ്ജ മേഖലയിൽ ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന. ഞങ്ങളുടെ ഇറക്കുമതി നയങ്ങൾ പൂർണ്ണമായും രൂപപ്പെടുത്തിയത് ഇതിലൂടെയാണ്. സ്ഥിരമായ ഊർജ്ജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ഊർജ്ജ നയത്തിന്റെ രണ്ട് പ്രധാന ലക്ഷ്യങ്ങൾ. ഇത് നേടുന്നതിന്, ഞങ്ങൾ ഞങ്ങളുടെ ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുകയും വിപണി ആവശ്യങ്ങൾക്കനുസരിച്ച് നിരവധി മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
അമേരിക്കയെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ വർഷങ്ങളായി ഊർജ്ജ വാങ്ങലുകൾ വർദ്ധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദശകത്തിൽ ഈ പ്രക്രിയ ക്രമാനുഗതമായി പുരോഗമിച്ചു. നിലവിലെ യുഎസ് സർക്കാർ ഇന്ത്യയുമായുള്ള ഊർജ്ജ സഹകരണം ശക്തിപ്പെടുത്തുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ചർച്ചകൾ നടന്നുവരികയാണ് ‘ – രൺധീർ ജയ്സ്വാൾ കൂട്ടിച്ചേർത്തു.
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലെ അതൃപ്തി ട്രമ്പ് പല തവണ തുറന്ന് പറഞ്ഞു. ഇക്കാരണത്താൽ അദ്ദേഹം ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ പോലും ഏർപ്പെടുത്തി. എന്നാൽ കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഇന്ത്യ ഇനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പ് നൽകിയതായാണ് ട്രമ്പ് പറഞ്ഞത് .

