ജെനീവ : തിങ്കളാഴ്ച ഐക്യരാഷ്ട്രസഭയിൽ ഭീകരതയ്ക്കെതിരായ നടന്ന യോഗത്തിൽ പാകിസ്ഥാനെ അതിരൂക്ഷമായി വിമർശിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി യോജന പട്ടേൽ ആണ് പാകിസ്ഥാനെ ‘ തെമ്മാടി രാഷ്ട്രം ‘ എന്ന് വിശേഷിപ്പിച്ചത് . ഇന്ത്യയ്ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനും പ്രചാരണത്തിൽ ഏർപ്പെടാനും പാകിസ്ഥാൻ ഈ വേദി ദുരുപയോഗം ചെയ്യുന്നുവെന്നും പറഞ്ഞു.
” ഒരു പ്രത്യേക പ്രതിനിധി സംഘം ഈ വേദി ദുരുപയോഗം ചെയ്യാനും ദുർബലപ്പെടുത്താനും തീരുമാനിച്ചത് നിർഭാഗ്യകരമാണ്. ഭീകര സംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ധനസഹായം നൽകുകയും ചെയ്യുന്ന പാകിസ്ഥാന്റെ ചരിത്രം അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സമ്മതിച്ചു. ഈ തുറന്ന കുറ്റസമ്മതം അത്ഭുതപ്പെടുത്തുന്നില്ല, മറിച്ച് പാകിസ്ഥാനെ ഒരു തെമ്മാടി രാഷ്ട്രമായി തുറന്നുകാട്ടുന്നു . പാകിസ്ഥാൻ ആഗോള ഭീകരതയെ ഇന്നും പ്രോത്സാഹിപ്പിക്കുകയാണ്. ലോകത്തിന് ഇനി കണ്ണടയ്ക്കാൻ കഴിയില്ലെന്നും ‘ – യോജന പട്ടേൽ പറഞ്ഞു.

