ന്യൂഡൽഹി : യുഎസ് ഇറക്കുമതിയ്ക്ക് ഇന്ത്യ 50 ശതമാനം താരിഫ് ഏർപ്പെടുത്തണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ . ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ചുമത്തുമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു . നേരത്തെ യുഎസ് 25 ശതമാനം തീരുവ ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരുന്നു .
അമേരിക്ക നമ്മുടെ മേൽ 50 ശതമാനം തീരുവ ചുമത്തിയാൽ, നമ്മളും അവരുടെ മേൽ 50 ശതമാനം തീരുവ ചുമത്തണമെന്നാണ് ശശി തരൂർ പറഞ്ഞത് . ‘ വ്യാപാരത്തിന്റെ പേരിൽ മാത്രം ബന്ധങ്ങൾ തകർക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്? നമ്മുടെ ഭാഗത്തുനിന്നല്ല, മറിച്ച് അമേരിക്കൻ ഭാഗത്തുനിന്നാണ് ബന്ധങ്ങൾ തകരുന്നത്. ഇത് തീർച്ചയായും സ്വാധീനം ചെലുത്തും, കാരണം നമുക്ക് അവരുമായി 90 ബില്യൺ ഡോളറിന്റെ വ്യാപാരമുണ്ട്.
അദ്ദേഹം നമ്മുടെ ബന്ധങ്ങളെ വിലമതിക്കുന്നില്ലെങ്കിൽ നമ്മൾ എന്തിന് അത് വിലമതിക്കണം . അവിടെ താമസിക്കുന്ന ഇന്ത്യക്കാർ ശബ്ദമുയർത്തണം. അത് തീർച്ചയായും സ്വാധീനം ചെലുത്തും . ഒരു രാജ്യത്തിനും നമ്മെ ഇങ്ങനെ ഭീഷണിപ്പെടുത്താൻ കഴിയില്ല. “ തരൂർ പറഞ്ഞു .
അതേസമയം അമേരിക്കയുടെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. മറ്റ് പല രാജ്യങ്ങളും അവരുടെ ദേശീയ താൽപ്പര്യം മുൻനിർത്തി സ്വീകരിക്കുന്ന നടപടികൾക്ക് പകരം അമേരിക്ക ഇന്ത്യയിൽ അധിക താരിഫ് ചുമത്തിയത് വളരെ നിർഭാഗ്യകരമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അമേരിക്കയുടെ ഈ തീരുമാനം അന്യായവും, അപ്രായോഗികവുമാണെന്നും ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

