ന്യൂഡൽഹി: 2025 ജനുവരി മുതൽ അമേരിക്കയിൽ നിന്ന് 682 ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയതായി കേന്ദ്രസർക്കാർ . ഇവരിൽ ഭൂരിഭാഗവും അനധികൃതമായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമിച്ചവരാണ്. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗാണ് പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ഈ നാടുകടത്തപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ യുഎസ് അതിർത്തിയിൽ വച്ചുതന്നെ പിടികൂടി കൃത്യമായ പരിശോധനയ്ക്ക് ശേഷം ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടുവെന്നും സിംഗ് പറഞ്ഞു.നിയമവിരുദ്ധമായ വഴികളിലൂടെ യുഎസിലേക്ക് കടന്ന ഇന്ത്യക്കാരുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാർ സൂക്ഷിക്കുന്നില്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി സിംഗ് വ്യക്തമാക്കി.
വിദ്യാർത്ഥികളുടെയും പ്രൊഫഷണലുകളുടെയും നിയമപരമായ യാത്ര സുഗമമാക്കുന്നതിനും ഹ്രസ്വകാല വിനോദസഞ്ചാര, ബിസിനസ്സ് യാത്രകൾ കാര്യക്ഷമമാക്കുന്നതിനും ഇന്ത്യൻ സർക്കാർ യുഎസ് അധികാരികളുമായി സജീവമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യക്കടത്തിനും അനധികൃത കുടിയേറ്റ ശൃംഖലകൾക്കുമെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന വ്യക്തികളുടെ ലിസ്റ്റ് ഇന്ത്യാ ഗവൺമെൻ്റിൻ്റെ ബന്ധപ്പെട്ട ഏജൻസികൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട് . ഇന്ത്യൻ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചവരെ മാത്രമേ ഇന്ത്യയിലേക്ക് നാടുകടത്താൻ അനുമതി നൽകൂ. നിയമവിരുദ്ധമായ വഴികളിലൂടെ യുഎസിലേക്ക് കടന്ന ഇന്ത്യക്കാരുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാർ സൂക്ഷിക്കുന്നില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.