ന്യൂഡൽഹി : ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദുനേതാവും, ഇസ്കോൺ സന്യാസിയുമായ ചിന്മയ് കൃഷ്ണദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്ത നീക്കത്തെ അപലപിച്ച് ഇന്ത്യ. ചിന്മയ് കൃഷ്ണ ദാസ് പ്രഭുവിനെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി അറസ്റ്റ് ചെയ്ത് ജാമ്യം നൽകാതെ ജയിലിലടച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം.
ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ബംഗ്ലാദേശ് സർക്കാരിനോട് ഇന്ത്യ അഭ്യർത്ഥിക്കുകയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു . ബംഗ്ലാദേശിലെ മത ന്യൂനപക്ഷമായ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണം. സമാധാനപരമായുള്ള അഭിപ്രായപ്രകടനം നടത്താനുള്ള അവകാശത്തിൽ കൈകടത്തരുത് .
ന്യൂനപക്ഷ വിഭാഗക്കാരുടെ വീടുകളും, വ്യാപാര സ്ഥാപനങ്ങളും , ആരാധനാലയങ്ങളും നശിപ്പിക്കുന്നത് അംഗീകരിച്ച് നൽകാനാകില്ല. സമാധാനപരമായി സമ്മേളിക്കുന്നതിനും അഭിപ്രായപ്രകടനം നടത്തുന്നതിനുമുള്ള അവരുടെ അവകാശം നിഷേധിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ധാക്ക വിമാനത്താവളത്തിൽ നിന്നും ചിന്മയ് കൃഷ്ണദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.സംഭവത്തിൽ ഇന്ത്യ ഇടപെടണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് ഇസ്കോൺ ആവശ്യപ്പെട്ടിരുന്നു. തങ്ങൾ ആര്യന്മാരാണെന്നും, ഈ മണ്ണിന്റെ യഥാർത്ഥ അവകാശികളാണെന്നും , ഈ മണ്ണ് വിട്ട് പോകില്ലെന്നുമുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചിന്മയ് കൃഷ്ണദാസ് അറസ്റ്റിലായത് .