ന്യൂഡൽഹി : ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ അരി ഉൽപ്പാദക രാജ്യമായി മാറി . കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഇകാര്യം പ്രഖ്യാപിച്ചത്. 25 വിളകളുടെ 184 പുതിയ ഇനങ്ങൾ ഇന്ന് പുറത്തിറക്കിക്കൊണ്ട്, 151.8 ദശലക്ഷം ടൺ മൊത്തം ഉൽപാദനത്തോടെ ഇന്ത്യ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ അരി ഉൽപ്പാദക രാജ്യമായി മാറിയെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
ഈ പുതിയ വിത്ത് ഇനങ്ങൾ ഉയർന്ന വിളവ് നൽകുന്നതാണെന്നും, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഈ പുതിയ ഇനങ്ങൾ കർഷകരിലേക്ക് വേഗത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
1969-ൽ ഗസറ്റ് വിജ്ഞാപന പ്രക്രിയ ആരംഭിച്ചതിനുശേഷം, അരി, ഗോതമ്പ്, സോർഗം, ചോളം, പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, നാരുകൾ എന്നിവയുൾപ്പെടെ ആകെ 7,205 വിള ഇനങ്ങൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ 3,236 ഉയർന്ന വിളവ് നൽകുന്ന ഇനങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും, 1969 നും 2014 നും ഇടയിൽ ഇത് 3,969 ആയിരുന്നുവെന്നും ശിവരാജ് ചൗഹാൻ പറഞ്ഞു.ചൈനയുടെ 145 ദശലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ അരി ഉൽപാദനം 151.8 ദശലക്ഷം ടണ്ണിലെത്തി. ഭക്ഷ്യക്ഷാമമുള്ള ഒരു രാജ്യത്തിൽ നിന്ന് ആഗോള ഭക്ഷ്യ ദാതാവായി ഇന്ത്യ മാറിയെന്നും ശിവരാജ് ചൗഹാൻ പറഞ്ഞു.
ഇന്ത്യ ഇപ്പോൾ വിദേശ വിപണികളിലേക്ക് അരി വിതരണം ചെയ്യുന്നുണ്ട്. രാജ്യത്ത് ധാരാളം ഭക്ഷ്യധാന്യ ശേഖരം ഉണ്ടെന്നും ഇത് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

