ന്യൂഡൽഹി : മാലിദ്വീപിന്റെ പ്രധാന വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി 4,850 കോടി രൂപയുടെ (565 മില്യൺ യുഎസ് ഡോളർ) പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . മാലിദ്വീപിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ മാലിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ-മാലിദ്വീപ് നയതന്ത്ര ബന്ധത്തെ പ്രശംസിച്ചു.
ഇരു രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ബന്ധത്തിന്റെ 60 വർഷം ആഘോഷിക്കുകയാണ്. ഈ ബന്ധങ്ങളുടെ വേരുകൾ ആ ചരിത്രത്തേക്കാൾ പഴക്കമുള്ളതും കടൽ പോലെ ആഴമുള്ളതുമാണ്. സൗഹൃദത്തിന് എപ്പോഴും ഞങ്ങൾ പ്രഥമ പരിഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയും മുഹമ്മദ് മുജിബുർ റഹ്മാനും ചേർന്ന് ഇരു രാജ്യങ്ങളിലെയും പരമ്പരാഗത ബോട്ടുകൾ ഉൾക്കൊള്ളുന്ന സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. “നമ്മൾ അയൽക്കാർ മാത്രമല്ല, സഹയാത്രികർ കൂടിയാണെന്ന് ഇത് പ്രതിഫലിപ്പിക്കുന്നു,” എന്നും മോദി പറഞ്ഞു.
“മാലിദ്വീപിന്റെ ഏറ്റവും അടുത്ത അയൽക്കാരനാണ് ഇന്ത്യ. മാലിദ്വീപിന്റെ ഏറ്റവും വിശ്വസ്ത സുഹൃത്തായതിൽ ഇന്ത്യ അഭിമാനിക്കുന്നു. പ്രതിസന്ധിയായാലും പകർച്ചവ്യാധിയായാലും, ഇന്ത്യ എല്ലായ്പ്പോഴും മാലിദ്വീപിനൊപ്പം നിലകൊണ്ടു. അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതായാലും കോവിഡിന് ശേഷമുള്ള സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതായാലും, ഇന്ത്യ എപ്പോഴും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്,” മോദി പറഞ്ഞു.ഇരു രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ആരംഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപിലെത്തിയത് . പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ക്ഷണപ്രകാരം മോദി മാലിദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണമാണ് മാലിദ്വീപ് സർക്കാർ ഒരുക്കിയത്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു വിമാനത്താവളത്തിൽ നേരിട്ടെത്തി മോദിയെ സ്വീകരിച്ചു.

