ലക്നൗ : തന്നെ പാകിസ്ഥാനിലേയ്ക്ക് മടക്കി അയക്കരുതെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ സ്വദേശിയായ സീമ ഹൈദർ . പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി നാടുകടത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകിയത് കഴിഞ്ഞ ദിവസമാണ് . ഇതിന് പിന്നാലെയാണ് പാകിസ്ഥാൻ സ്വദേശിയായ സീമ ഹൈദർ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രത്യേക അഭ്യർത്ഥനയുമായി രംഗത്തെത്തിയത്.
‘ ഇന്ത്യയുടെ മരുമകളായി ഇവിടെ തുടരാൻ അനുവദിക്കണം. എനിക്ക് പാകിസ്ഥാനിലേക്ക് പോകാൻ ആഗ്രഹമില്ല. എന്നെ ഇവിടെ തുടരാൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഇന്ത്യൻ പൗരനായ സച്ചിൻ മീണയെ വിവാഹം കഴിച്ചതിന് ശേഷം ഹിന്ദുമതം സ്വീകരിച്ചതായും ‘ സീമ പറയുന്നു.
ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട സച്ചിൻ മീണയെ വിവാഹം കഴിച്ചതിന് ശേഷമാണ് സീമ ഹൈദർ വാർത്തകളിൽ ഇടം നേടിയത്. സീമയെ ഇന്ത്യയിൽ തുടരാൻ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സീമയുടെ അഭിഭാഷകൻ.” സീമ ഇപ്പോൾ പാക്കിസ്ഥാൻ പൗരനല്ല. ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന സച്ചിൻ മീണയുടെ ഭാര്യയാണ്. ദമ്പതികൾക്ക് അടുത്തിടെ ഒരു മകളുണ്ടായി. ആ കുഞ്ഞിന്റെ പൗരത്വം ഇപ്പോൾ ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനാൽ കേന്ദ്രത്തിൻ്റെ നിർദ്ദേശം അവർക്ക് ബാധകമാകില്ലെന്ന് പ്രതീക്ഷിക്കുന്നു,” അഭിഭാഷകൻ എ പി സിംഗ് പറഞ്ഞു.