ന്യൂദൽഹി : ഇന്ത്യയെ വിഭജിക്കുന്നതിനെക്കുറിച്ച് സംസാരിച്ച് ഓസ്ട്രിയൻ സാമ്പത്തിക വിദഗ്ദ്ധനും നാറ്റോയുടെ “എൻലാർജ്മെന്റ് കമ്മിറ്റി”യുടെ ചെയർമാനെന്നും അവകാശപ്പെടുന്ന ഗുന്തർ ഫെല്ലിംഗർ-ജാൻ . സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സ്’-ലെ ഒരു പോസ്റ്റിൽ ഗുന്തർ ഇന്ത്യയെ തകർക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയും “എക്സ്-ഇന്ത്യ” എന്ന പേരിൽ ഒരു ഭൂപടം പങ്ക് വയ്ക്കുകയും ചെയ്തു. ഈ ഭൂപടത്തിൽ, ഇന്ത്യയുടെ പല ഭാഗങ്ങളും പാകിസ്ഥാൻ, ബംഗ്ലാദേശ്, ഖാലിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഭാഗമായാണ് കാണിച്ചിരിക്കുന്നത്.
ഖലിസ്ഥാൻ സ്വാതന്ത്ര്യത്തിനായി എന്തുചെയ്യണമെന്നും റഷ്യ അനുകൂല ഇന്ത്യൻ നേതാവ് നരേന്ദ്ര മോദിയുടെ പിടിയിൽ നിന്ന് ഇന്ത്യയെ അതിനെ എങ്ങനെ മോചിപ്പിക്കാമെന്നും ഖലിസ്ഥാൻ നരേറ്റീവ് എക്സ് ഹാൻഡിൽ 2 മണിക്കൂർ ചർച്ച ചെയ്തതായി ഫെല്ലിംഗർ എക്സിൽ എഴുതി.
“ഇന്ത്യയെ തകർക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നരേന്ദ്ര മോദി റഷ്യയുടെ ആളാണ്. ഖാലിസ്ഥാന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നവരെ നമുക്ക് ആവശ്യമുണ്ട്.” എന്നാണ് ഗുന്തർ ഫെല്ലിംഗർ പറയുന്നത് . പ്രസ്താവനയ്ക്ക് പിന്നാലെ പലരും ഗുന്തർ ഫെല്ലിംഗർക്കെതിരെ രംഗത്തെത്തി.
ശിവസേന (ഉദ്ധവ് വിഭാഗം) രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദിയും ഈ വിഷയത്തിൽ ശക്തമായി എതിർപ്പുമായി രംഗത്തെത്തി . വിദേശകാര്യ മന്ത്രാലയം ഓസ്ട്രിയൻ എംബസിയിൽ ഈ വിഷയം ഉടൻ ഉന്നയിക്കണമെന്നും അവർ പറഞ്ഞു. മുൻപും കോൺഗ്രസിനെ പിന്തുണച്ചിട്ടുള്ള വ്യക്തിയാണ് ഗുന്തർ. രാഹുലിനെ പ്രധാനമന്ത്രിയാക്കുന്നതിനെയും ഇയാൾ പിന്തുണച്ചിരുന്നു. രാഹുൽ ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ പിന്തുണയ്ക്കണമെന്നായിരുന്നു ഇയാളുടെ ആഹ്വാനം.

