ചെന്നൈ : ചെസ്സ് ലോക ചാമ്പ്യൻ ഗുകേഷിന് ജന്മനാടിന്റെ സ്വീകരണം . ചെന്നൈ വിമാനത്താവളത്തിൽ എത്തിയ ഗുകേഷിനെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമാണ് എത്തിയത്. ഗുകേഷിനെ സ്വീകരിക്കാനായി സർക്കാരിനെ പ്രതിനിധീകരിച്ച് തമിഴ്നാട് കായിക വകുപ്പ് സെക്രട്ടറിയും ഒപ്പം സ്പോർട്സ് ഡെവലപ്മെൻ്റ് അതോറിറ്റിയും ഗുകേഷിൻ്റെ അധ്യാപകരും എത്തിയിരുന്നു.
ലോക കപ്പ് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നുവെന്ന് ഗുകേഷ് പറഞ്ഞു. ‘ വളരെ സന്തോഷമുണ്ട്, ഈ പിന്തുണയും ഇന്ത്യയ്ക്ക് ഈ വിജയം അർത്ഥമാക്കുന്നതെന്തെന്നും മനസിലാകുന്നുണ്ട്. എല്ലാവരും എനിക്ക് വളരെയധികം ഊർജ്ജം നൽകിയെന്നും ആരാധകരോടായി ഗുകേഷ് പറഞ്ഞു.
റഷ്യക്കാരനായ ഗാരി കാസ്പറോവിന്റെ പേരിലുള്ള റെക്കോഡാണ് ഗുകേഷ് തിരുത്തിയെഴുതിയത്. 1985ല്‍ വെറും 22 വയസ്സും ആറ് മാസവും പ്രായമുള്ളപ്പോഴാണ് ഗാരി കാസ്പറോവ് ചെസ്സില്‍ ലോക ചാമ്പ്യനായത്.
പിന്നീട് മാഗ്നസ് കാള്സന് ലോകചാമ്പ്യനായത് 22 വയസ്സും 11 മാസവും പ്രായമുള്ളപ്പോഴാണ്. വെറും 18 വയസ്സും എട്ട് മാസവും 14 ദിവസവും പ്രായമുള്ള ചെസ്സിലെ ലോകചാമ്പ്യനാവുക എന്ന അസാധ്യമായ റെക്കോഡാണ് ഗുകേഷ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.