ന്യൂഡൽഹി : 114 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി. 3.25 ലക്ഷം കോടി രൂപ വിലമതിക്കുന്ന ഈ ഇടപാട് ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടുകളിലൊന്നാകും.
ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കാനുള്ള നടപടിയാണിത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഈ മാസത്തെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകിയിരിക്കുന്നത്.
114ൽ 18 വിമാനങ്ങൾ പറക്കാൻ സജ്ജമായ നിലയിൽ ഫ്രാൻസിൽ നിന്ന് നേരിട്ട് വാങ്ങും. ബാക്കിയുള്ളവ ഇന്ത്യയിൽ നിർമ്മിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ‘മേക്ക് ഇൻ ഇന്ത്യ’യുടെ കീഴിൽ ഏകദേശം 80 ശതമാനം വിമാനങ്ങളും തദ്ദേശീയമായി ഉത്പാദിപ്പിക്കും. കരാർ പ്രകാരം 88 സിംഗിൾ-സീറ്റ്, 26 ട്വിൻ-സീറ്റ് റഫാലുകളാണ് ഇന്ത്യ വാങ്ങുക. ഫ്രഞ്ച് നിർമ്മാതാക്കളായ ദസ്സൊ ഏവിയേഷൻ, പ്രാദേശിക ഉത്പാദനത്തിനും അസംബ്ലിങ്ങിനുമായി ഇന്ത്യൻ സ്വകാര്യ മേഖലയിലെ കമ്പനികളുമായി പങ്കാളികളാകാൻ സാധ്യതയുണ്ട്

