ന്യൂഡൽഹി : രാജ്യത്ത് സാർവത്രിക പെൻഷൻ നടപ്പാക്കാനുള്ള ഒരുക്കങ്ങളുമായി കേന്ദ്രസർക്കാർ . പരമ്പരാഗത തൊഴിലിനപ്പുറം അസംഘടിത മേഖലയിടക്കം സാമൂഹിക സുരക്ഷ വ്യാപിപ്പിക്കുകയും സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് ഘടനാപരമായ പെൻഷൻ സംവിധാനം നൽകുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നിലവിലുള്ള പെൻഷൻ പദ്ധതികളെ ഒരു ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരുന്നതാണ് പുതിയ തീരുമാനം.
സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തികളും അസംഘടിത മേഖലയിലെ തൊഴിലാളികളും ഉൾപ്പെടെ പെൻഷന് അർഹത നേടും.ഇപിഎഫ് പോലെ പുതിയ പദ്ധതിക്ക് സര്ക്കാര് വിഹിതം ഉണ്ടായേക്കില്ല എന്നാണ് പ്രാഥമിക വിവരം.പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ (പിഎം-എസ്വൈഎം), വ്യാപാരികൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കുമുള്ള ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്-ട്രേഡേഴ്സ്) പോലുള്ള നിലവിലുള്ള പെൻഷൻ പദ്ധതികളെയും പദ്ധതിയുമായി കൂട്ടിയിണക്കും.
നിലവിൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA) നിയന്ത്രിക്കുന്ന അടൽ പെൻഷൻ യോജനയും പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തിയേക്കും. നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ നൽകുന്നതിന് കെട്ടിട, മറ്റ് നിർമ്മാണ തൊഴിലാളികൾ (BoCW) നിയമപ്രകാരം ശേഖരിക്കുന്ന സെസ് ഉപയോഗിക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.