ന്യൂഡൽഹി ; അതിർത്തി കടന്നുള്ള കള്ളക്കടത്തിനെതിരെ ശക്തമായ നടപടിയുടെ ഭാഗമായി, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഡൽഹിയിലും അഗർത്തലയിലും നടത്തിയ റെയ്ഡുകളിൽ ദുബായിൽ നിന്നും ബംഗ്ലാദേശിൽ നിന്നും പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വർണ്ണ കള്ളക്കടത്ത് സംഘത്തെ പിടികൂടി. ഓപ്പറേഷനിൽ 29 കിലോയിലധികം വിദേശ സ്വർണ്ണവും 2.90 കോടി രൂപയും പിടിച്ചെടുത്തു.
പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ത്രിപുരയിലെ അഗർത്തലയിൽ നിന്ന് കള്ളക്കടത്ത് സംഘത്തിലുള്ള ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് അന്താരാഷ്ട്ര ശുദ്ധീകരണശാലകളിൽ അടയാളപ്പെടുത്തിയ 15 കിലോഗ്രാം വിദേശ സ്വർണ്ണം കണ്ടെത്തി, ഇതിന് ഏകദേശം ₹20.73 കോടി വിലമതിക്കും.
ഡൽഹിയിലെയും അഗർത്തലയിലെയും നിരവധി സ്ഥലങ്ങളിൽ ഒരേസമയം നടത്തിയ പരിശോധനയിൽ 14.2 കിലോഗ്രാം വിദേശ സ്വർണവും 2.90 കോടി രൂപയും കണ്ടെടുത്തു. ഇതിൽ ഇന്ത്യൻ, ബംഗ്ലാദേശ് കറൻസികളും ഉൾപ്പെടുന്നു.സംഘത്തിലെ നാല് അംഗങ്ങളെയും അറസ്റ്റ് ചെയ്തു.

