ഇൻഡോർ ; ലവ് ജിഹാദ് ഫണ്ടിംഗ് കേസിൽ ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ അൻവർ ഖാദ്രി ജില്ലാ കോടതിയിൽ കീഴടങ്ങി. രണ്ട് മാസത്തോളം ഒളിവിൽ നിന്ന ഖാദ്രി അഭിഭാഷകന്റെ വേഷം ധരിച്ചാണ് കോടതിയിൽ എത്തിയത് .ഹിന്ദു സ്ത്രീകളെ കുടുക്കാൻ സാമ്പത്തിക സഹായം അടക്കം നൽകി “ലവ് ജിഹാദ്” ഗൂഢാലോചന ആസൂത്രണം ചെയ്തതിനാണ് ഖാദ്രിയ്ക്കെതിരെ ജൂലൈയിൽ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് എടുത്തത് .
ഹിന്ദു സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്ക് അൻവർ ഖാദ്രി സാമ്പത്തിക സഹായം നൽകിയെന്ന് കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾ പറഞ്ഞതായും പോലീസ് പറഞ്ഞു. ഹിന്ദു സ്ത്രീകളെ പ്രണയത്തിൽ കുടുക്കി വിവാഹം കഴിക്കാനും അവരെ അധാർമിക പ്രവർത്തനങ്ങളിലേക്ക് പ്രേരിപ്പിക്കാനും ഖാദ്രി പ്രതികൾക്ക് 3 ലക്ഷം രൂപ നൽകിയതായും പറയപ്പെടുന്നു.
മുസ്ലീം സമുദായ പരിപാടികളിൽ വെച്ച് കണ്ടുമുട്ടിയ യുവാക്കളെയാണ് ഖാദ്രി ഇതിനായി നിയോഗിച്ചത് . സെപ്റ്റംബർ 8 ന് പോലീസ് തന്റെ സ്വത്ത് കണ്ടുകെട്ടാൻ തീരുമാനിച്ചതായി നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് ഖാദ്രി കീഴടങ്ങിയത് . ഖാദ്രിയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 40,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
14-ാം നമ്പർ കോടതിയിൽ ജഡ്ജി മിനി ഗുപ്തയുടെ മുമ്പാകെയാണ് ഖാദ്രി കീഴടങ്ങിയത് . തുടർന്ന്, ബാൻ ഗംഗ പോലീസ് ഖാദ്രിയെ അറസ്റ്റ് ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി എട്ട് ദിവസത്തെ റിമാൻഡിൽ വാങ്ങുകയും ചെയ്തു. നേരത്തെ, ഇതേ കേസിൽ ഖാദ്രിയുടെ മകളെയും അറസ്റ്റ് ചെയ്തിരുന്നു. ബാൻ ഗംഗ പോലീസ് ഖാദ്രിയ്ക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബാൻ ഗംഗ പോലീസ് സാഹിൽ ഷെയ്ഖ്, അൽതാഫ് അലി എന്നിവരെ അറസ്റ്റ് ചെയ്തപ്പോഴാണ് കേസിൽ ഖാദ്രിയുടെ പങ്ക് പുറത്തുവന്നത്. മതപരമായ വ്യക്തിത്വം മറച്ചുവെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി രണ്ട് ഹിന്ദു സ്ത്രീകളാണ് പരാതി നൽകിയത്.
പോലീസ് ചോദ്യം ചെയ്യലിൽ, ഹിന്ദു സ്ത്രീകളെ കുടുക്കാനും വിവാഹം കഴിക്കാനും ഇസ്ലാമിലേക്ക് മതം മാറ്റാനും കോൺഗ്രസ് കൗൺസിലർ അൻവർ ഖാദ്രി സാഹിലിന് 2 ലക്ഷം രൂപയും അൽതാഫിന് 1 ലക്ഷം രൂപയും നൽകിയതായി രണ്ട് പ്രതികളും വെളിപ്പെടുത്തി.

