ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട നാല് ഭീകരരെ തിരിച്ചറിഞ്ഞു. ഇവരിൽ രണ്ട് പേർ പാകിസ്ഥാനിൽ നിന്നുള്ളവരും രണ്ട് പേർ കശ്മീരിൽ നിന്നുള്ളവരുമാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിന് നേതൃത്വം നൽകിയത് പാക് ഭീകരൻ ഹാഷിം മൂസയാണ്. അലി തൻഹയും ആസിഫ് ഫൗജിയുമാണ് പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ. ആദിൽ തോക്കറും അഹ്സാനും കശ്മീരിൽ നിന്നുള്ളവരാണ്.
പഹൽഗാം ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ഹാഷിം മൂസ ഇതിന് മുമ്പ് രണ്ട് ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, രേഖാചിത്രം പുറത്തുവന്നെങ്കിലും സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഭീകരർക്കായി അന്വേഷണ സംഘം വ്യാപക തിരച്ചിൽ നടത്തുകയാണ്. ഭീകരരെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ജമ്മു കശ്മീർ പോലീസ് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ജമ്മു കശ്മീർ പോലീസ് അനന്ത്നാഗ് അഡീഷണൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
എൻഐഎ സംഘം ബൈസാരനിൽ നിന്ന് ഫോറൻസിക് തെളിവുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിയും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കശ്മീർ സന്ദർശിക്കും.പഹൽഗാം ഭീകരാക്രമണത്തിൽ ഒരു വിദേശി ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട വിദേശി നേപ്പാളി പൗരനാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സായുധരായ ഭീകരർ ബൈസാരൻ താഴ്വരയിൽ ആക്രമണം നടത്തിയത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആദ്യം ഒരാൾ മരിച്ചതായി റിപ്പോർട്ടുകൾ വന്നെങ്കിലും പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. സമീപകാലത്ത് കശ്മീരിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ് പഹൽഗാം ആക്രമണം.

