ബെംഗളൂരു : കർണാടകയിൽ വിനോദയാത്ര പോയ നാല് വിദ്യാർത്ഥിനികൾ കടലിൽ മുങ്ങിമരിച്ചു. ഉത്തരകന്നഡയിൽ മുരുഡേശ്വറിൽ കടലിൽ വച്ചാണ് അപകടമുണ്ടായത്. കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് 46 വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം ഇവിടെ എത്തിയത് .
ശക്തമായ തിരയെ തുടർന്ന് കടലിൽ ഇറങ്ങരുതെന്ന് ലൈഫ് ഗാർഡ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു . ഇത് അവഗണിച്ച് ഇറങ്ങിയ ഏഴ് വിദ്യാർത്ഥിനികൾ അപകടത്തിൽ പെടുകയായിരുന്നു. മൂന്ന് പേരെ ലൈഫ് ഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചെങ്കിലും മറ്റ് നാല് പേരെയും രക്ഷിക്കാനായില്ല. ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെയും മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെയുമാണ് ലഭിച്ചത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് വിദ്യാർത്ഥിനികളും ആശുപത്രിയിൽ ചികിത്സയിലാണ്.
വിദ്യാർത്ഥികൾക്കൊപ്പമുണ്ടായിരുന്ന ആറ് അദ്ധ്യാപകരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായി ഉത്തരകന്നഡ എസ്പി എം നാരായണ പറഞ്ഞു.