ന്യൂഡൽഹി: ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും ഉണ്ടായ കനത്ത മഴയും , വെള്ളപ്പൊക്കവും , മണ്ണിടിച്ചിലും . മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ തുടർച്ചയായി പെയ്ത കനത്ത മഴയിൽ ഒമ്പത് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രദേശത്ത് മേഘവിസ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നദീതീരങ്ങളിൽ നിന്ന് മാറിനിൽക്കാനും ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു
ജമ്മു-പത്താൻകോട്ട് ഹൈവേയിലെ പാലത്തിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് യാത്ര തിരിച്ചുവിട്ടു. ബിയാസ് നദി കരകവിഞ്ഞൊഴുകിയതിനാൽ മണാലിയിൽ കാര്യമായ നാശനഷ്ടമുണ്ടായി. ബഹുനില ഹോട്ടലും കടകളും ഒലിച്ചുപോയി. മണാലിയിലെ ഹൈവേയെയും സാരമായി ബാധിച്ചു. കുളുവിനും മണാലിക്കും ഇടയിലുള്ള ഹൈവേയുടെ നിരവധി ഭാഗങ്ങൾ ഒലിച്ചുപോയി.
ലേ-മണാലി റോഡ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു ലോഡ് ചെയ്ത ട്രക്കും വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി. മണ്ണിടിച്ചിലിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
ഹിമാചലിൽ 8 ജില്ലകളിൽ ശക്തമായ മഴക്കും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 8 ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. സുരക്ഷയെ മുൻനിർത്തി വിദ്യാലയങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.ഗുജറാത്തിൽ ഓഗസ്റ്റ് 30 വരെയും രാജസ്ഥാനിൽ ഓഗസ്റ്റ് 27 വരെയും വളരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

