ന്യൂഡൽഹി : കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് പ്രിയങ്ക വദ്ര അടക്കമുള്ളവർ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത് മിന്റാദേവിയുടെ പേര് പതിച്ച ടീ ഷർട്ട് ധരിച്ചാണ് . 124 വയസുകാരി മിന്റാദേവിയ്ക്ക് ഇന്നും ബിഹാറിൽ വോട്ട് ഉണ്ടെന്നതായിരുന്നു പരിഹാസത്തിന് കാരണം . എന്നാൽ ഇപ്പോൾ വോട്ടർ പരിഷ്ക്കരണത്തിലെ പിഴവ് ചൂണ്ടികാട്ടി എത്തിയിരിക്കുകയാണ് മിന്റാദേവി . തനിക്ക് 124 വയസല്ല വെറും 35 വയസാണെന്നും അവർ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നെ ഒരു മുത്തശ്ശിയാക്കി, ചിരി അടക്കിപ്പിടിച്ചുകൊണ്ട് മിന്റ ദേവി പറഞ്ഞു.
‘ ജനനതീയതി ഞാൻ കൃത്യമായി നൽകിയിരുന്നു . ഈ മണ്ടത്തരത്തിന് എന്നെ എങ്ങനെ കുറ്റപ്പെടുത്താനാകും? ബൂത്ത് ലെവൽ ഓഫീസറുടെ സന്ദർശനത്തിനായി വെറുതെ കാത്തിരുന്നതിന് ശേഷം ഞാൻ തന്നെ ഫോം ഓൺലൈനായി പൂരിപ്പിച്ചു ‘ – മിന്റ ദേവി പറഞ്ഞു.
“ഒടുവിൽ, 35 വയസ്സുള്ളപ്പോൾ, എനിക്ക് വോട്ട് ചെയ്യാൻ അവസരം ലഭിച്ചതിൽ സന്തോഷിക്കുന്നു . എന്റെ പേര് വോട്ടർ പട്ടികയിൽ ഇതുവരെ ഇല്ലായിരുന്നു . ഈ പ്രക്രിയയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നെ ഒരു മുത്തശ്ശി (ദാദി ബന ദിയ) ആക്കിയിട്ടുണ്ടെങ്കിൽ, എനിക്ക് കുഴപ്പമില്ല. എനിക്ക് ഭയപ്പെടാനൊന്നുമില്ല. എന്റെ ജനന വർഷം 1990 ആണെന്ന് ഞാൻ പറഞ്ഞിരുന്നു, എന്റെ ആധാർ കാർഡിലെ പോലെ തന്നെ. ഡ്രാഫ്റ്റ് റോളുകളിൽ 1990 എന്നത് 1900 ആക്കിയിട്ടുണ്ടെങ്കിൽ എനിക്ക് എന്ത് ചെയ്യാനാകും “ അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം “തെറ്റ് തിരുത്തുന്നതിനായി ഓഗസ്റ്റ് 10 ന് മിന്റ ദേവിയിൽ നിന്ന് ഒരു അപേക്ഷ ലഭിച്ചു, അത് BLO ശ്രദ്ധയിൽപ്പെടുത്തി. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിൽ ഇത് പരിഗണിക്കും” എന്നാണ് സിവാൻ കളക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവന .

