പട്ന ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ അധിക്ഷേപിച്ചതിന് തേജസ്വി യാദവിനും മഹുവ ആർജെഡി എംഎൽഎയ്ക്കുമെതിരെ എഫ്ഐആർ ഫയൽ ചെയ്തു. ബീഹാറിലെ മഹുവ അസംബ്ലിയിൽ നടന്ന പൊതുയോഗത്തിലാണ് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഹീരാബെൻ മോദിയ്ക്കെതിരെ മോശം ഭാഷ ഉപയോഗിച്ചത്. പട്നയിലെ ഗാന്ധി മൈതാൻ പോലീസാണ് തേജസ്വി യാദവിനും മഹുവ എംഎൽഎ മുകേഷ് കുമാർ റോഷനുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിംഗ് കല്ലു ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത് ഫയൽ . തേജസ്വി യാദവിന്റെ പൊതുയോഗത്തിനിടെ പ്രധാനമന്ത്രി മോദിയുടെ അന്തരിച്ച അമ്മയ്ക്ക് നേരെ അധിക്ഷേപം നടത്തിയതായും ആർഎസ്എസിനെതിരെ ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയതായും അദ്ദേഹം ആരോപിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ, തേജസ്വി യാദവിനും മുകേഷ് റോഷനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ‘ നിങ്ങൾ ഒരു കാരണവശാലും നന്നാകില്ല . വരാനിരിക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബീഹാറിലെ ജനങ്ങൾ നിങ്ങൾക്ക് ഉത്തരം നൽകും ‘ എന്നാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിന്റെ പ്രതികരണം.
ഹീരാബെൻ മോദിയുടെ എ ഐ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച കോൺഗ്രസിനെതിരെ അടുത്തിടെ പൊലീസ് കേസെടുത്തിരുന്നു. അതിനു പിന്നാലെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് പിൻവലിക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.

