ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ ആദ്യ മൂന്ന് പ്രതികൾ എങ്ങനെയാണ് കുറ്റകൃത്യം ചെയ്തതെന്ന് വ്യക്തമാക്കി സിബിഐ . ചെറിയ കടലാസുകളിൽ പകർത്തിയാണ് ചിലർ ചോദ്യങ്ങൾ ചോർത്തിയത്. പ്രതികളിൽ ചിലർ ജോലി സമയത്ത് ചോദ്യങ്ങളും ഉത്തരങ്ങളും മനഃപാഠമാക്കി പരീക്ഷാ പരിസരം വിട്ട ശേഷം പേപ്പറുകളിൽ എഴുതി. ചോദ്യപേപ്പർ പുനർനിർമ്മിക്കുന്നതിനായി എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് പ്രസക്തമായ ഭാഗങ്ങൾ പകർത്തിയതായും സിബിഐ കണ്ടെത്തി. ഏജൻസി സമർപ്പിച്ച 94 പേജുള്ള കുറ്റപത്രത്തിൽ ഈ വിശദാംശങ്ങൾ അടങ്ങിയിട്ടുണ്ട് .
ഇത് ലളിതമായ ചോദ്യപേപ്പർ ചോർച്ചയല്ലെന്നും പരീക്ഷയുമായി ബന്ധപ്പെട്ട ആളുകൾ, കോച്ചിംഗ് ഓപ്പറേറ്റർമാർ, ഇടനിലക്കാർ, ബ്രോക്കർമാർ എന്നിവർ ഉൾപ്പെട്ട നിരവധി സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആസൂത്രിത ശൃംഖലയാണെന്നും സിബി ഐ വ്യക്തമാക്കുന്നു. ചോദ്യപേപ്പർ ചോർച്ച പദ്ധതി പരീക്ഷയ്ക്ക് തൊട്ടുമുമ്പ് മാത്രമല്ല, മാസങ്ങൾക്ക് മുൻപേ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി വ്യക്തികൾ ഉൾപ്പെട്ട സംഘടിത ക്രിമിനൽ ഗൂഢാലോചനയാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ചോർന്ന ചോദ്യപേപ്പറുകൾ വാട്ട്സ്ആപ്പ്, ടെലിഗ്രാം, പിഡിഎഫ് ഫയലുകൾ, ഫോട്ടോകൾ എന്നിവ വഴി പങ്ക് വച്ചു. സിബിഐ പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി.പ്രതിയായ യാഷ് യാദവിന്റെ മൊബൈൽ ഫോണിൽ നിന്ന് ചോർന്ന നീറ്റ് ചോദ്യങ്ങളുടെ പിഡിഎഫ് ഫയലും ടെലിഗ്രാം ചാറ്റും കണ്ടെടുത്തതായി സിബിഐ അറിയിച്ചു.
എപി ബ്രോക്കർ എന്ന പേരിൽ ഫോണിൽ സേവ് ചെയ്തിരുന്ന മൊബൈൽ നമ്പർ സഹപ്രതിയായ ശുഭം മധുകർ ഖൈർനാരെയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനുപുറമെ, അന്വേഷണത്തിനിടെ, നീറ്റ് 2026 എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പും മൊബൈലിൽ കണ്ടെത്തിയിട്ടുണ്ട്
അതേസമയം, നുണപരിശോധനയ്ക്ക് വിധേയരാകാൻ സന്നദ്ധത പ്രകടിപ്പിച്ച പ്രതികളുടെ ഹർജിയെ അന്വേഷണ സംഘം എതിർത്തു . അന്വേഷണം പൂർത്തിയായെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും വ്യക്തമാക്കി സിബിഐ ഡൽഹി റൗസ് അവന്യൂ കോടതിയെ അറിയിച്ചു.
നാർക്കോ വിശകലനം, ബ്രെയിൻ മാപ്പിംഗ്, പോളിഗ്രാഫ് പരിശോധനകൾ എന്നിവയ്ക്ക് വിധേയരാകാൻ വാഗ്ദാനം ചെയ്ത് പ്രതികളായ മംഗി ലാൽ ബിവൽ, ദിനേശ് ബിവൽ, വികാസ് ബിവൽ എന്നിവരാണ് ഹർജി സമർപ്പിച്ചത്. വാദം കേട്ട ശേഷം കോടതി ഉത്തരവ് മാറ്റിവച്ചു. തിങ്കളാഴ്ച വിധി പറയുമെന്നാണ് റിപ്പോർട്ടുകൾ. കേസിലെ 13 പ്രതികൾക്കും ഇന്നലെ കുറ്റപത്രത്തിന്റെ പകർപ്പുകൾ നൽകി.

