ന്യൂദൽഹി : ഡൊണാൾഡ് ട്രംപ് ഇന്ത്യയെ അനാവശ്യമായി എതിർക്കുകയാണെന്ന് യുഎസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ . ഇന്ത്യക്ക് മേൽ ചുമത്തിയ ഉയർന്ന താരിഫുകൾ “ഉഭയകക്ഷി ബന്ധത്തിലെ തെറ്റ്” ആണെന്നും അദ്ദേഹം പറഞ്ഞു.ഈ സമീപനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് “ദോഷം വരുത്തുന്ന”താണെന്നും ബോൾട്ടൺ വ്യക്തമാക്കി.
‘ ചൈനയും റഷ്യൻ എണ്ണ വാങ്ങുന്നുണ്ടെങ്കിലും, ചൈനയ്ക്ക് അത്തരം താരിഫുകളോ ദ്വിതീയ ഉപരോധങ്ങളോ നേരിടേണ്ടി വന്നിട്ടില്ല . ഉക്രെയ്നിൽ വെടിനിർത്തൽ ഉറപ്പാക്കാനുള്ള ട്രംപിന്റെ ശ്രമത്തിൽ നിന്ന് കഷ്ടപ്പെട്ട ഒരേയൊരു രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ 30 ദിവസമായി വൈറ്റ് ഹൗസ് ഇന്ത്യയോട് പെരുമാറിയതുപോലെ വലിയ തെറ്റ് നിങ്ങൾ ചെയ്യുമ്പോൾ, വിശ്വാസവും ആത്മവിശ്വാസവും പുനഃസ്ഥാപിക്കാൻ വളരെ സമയമെടുക്കും.
ഷെഹ്ബാസ് ഷെരീഫിന്റെ സർക്കാരും സൈനിക മേധാവി അസിം മുനീറും ട്രംപിനെ വച്ച് കളിക്കുകയാണ് . പ്രധാനമന്ത്രി മോദിയോടുള്ള എന്റെ ഒരേയൊരു നിർദ്ദേശം ട്രംപിനെ രണ്ടുതവണ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യാമെന്ന് ഒന്ന് പറഞ്ഞ് നോക്കൂ എന്നാണ് . ‘ ബോൾട്ടൺ പറഞ്ഞു.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ “നിർണ്ണായക നയതന്ത്ര ഇടപെടലിന്” ട്രംപിനെ 2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ഔദ്യോഗികമായി ശുപാർശ ചെയ്യുമെന്ന് ജൂണിൽ പാകിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ട്രമ്പ് പാകിസ്ഥാനുമായി അടുത്തത് . അതിനെ പരിഹസിക്കുകയായിരുന്നു ബോൾട്ടൺ.

