ന്യൂഡൽഹി: പിലിഭിത്തിൽ പോലീസ് നടത്തിയ ഏറ്റുമുട്ടലിൽ മൂന്ന് ഖാലിസ്ഥാനികൾ കൊല്ലപ്പെട്ടു. നിരോധിത ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സിലെ അംഗങ്ങളായ ഗുർവീന്ദർ സിംഗ്, വീരേന്ദർ സിംഗ്, ജസൻപ്രീത് സിംഗ് എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ പോലീസ് പോസ്റ്റിന് നേരെ ബോംബ് എറിഞ്ഞവരെയാണ് ഉത്തർപ്രദേശ് – പഞ്ചാബ് പോലീസിന്റെ സംയുക്ത സംഘം വധിച്ചതെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. രണ്ട് എകെ 10, 19 തോക്കുകളും രണ്ട് ഗ്ലോക്ക് പിസ്റ്റളുകളും പോലീസ് കണ്ടെടുത്തു.
പ്രദേശത്ത് ചില ഖലിസ്ഥാൻ ഭീകരരുടെ സംശയാസ്പദമായ നീക്കത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് എത്തിയ പോലീസ് സംഘം ഇവരെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ ഇവർ പോലീസിന് നേരെ വെടിയുതിർക്കാൻ തുടങ്ങി. തുടർന്ന് പോലീസ് പ്രത്യാക്രമണം നടത്തുകയായിരുന്നു.
പുരൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ തീവ്രവാദികളെ ചികിത്സയ്ക്കായി സിഎച്ച്സി പുരൻപൂർ ആശുപത്രിയിലേക്ക് അയച്ചെങ്കിലും മരണപ്പെടുകയായിരുന്നു.