ന്യൂഡൽഹി ; തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടർ ഡോ. വി നാരായണനെ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും , സ്പേസ് കമ്മീഷൺ ചെയർമാനുമായി കേന്ദ്രസർക്കാർ നിയമിച്ചു. ഐ എസ് ആർ ഒ ചെയർമാൻ സ്ഥാനത്ത് നിന്ന് ഈ മാസം 14 ന് വിരമിക്കുന്ന ഡോ. എസ് സോമനാഥിന് ശേഷം ഡോ വി നാരായണൻ ചുമതലയേൽക്കുമെന്നാണ് സൂചന .
ഈ രണ്ട് ചുമതലകളും വഹിക്കുന്നവരാണ് സ്വാഭാവികമായും ഐ എസ് ആർ ഒ ചെയർമാൻ പദവിയും വഹിക്കുന്നത് . ഡോ . എസ് സോമനാഥിനാണ് നിലവിൽ ഈ ഈ മൂന്നു ചുമതലകളും. 2 വർഷത്തേക്കാണ് ഡോ. വി.നാരായണന്റെ നിയമനം.
2024 മേയിൽ വിരമിച്ച വി നാരായണന് നിലവിൽ എൽ പി എസ് സി ഡയറക്ടർ സ്ഥാനത്തേയ്ക്ക് ഒരു വർഷത്തേയ്ക്ക് തുടർച്ച ലഭിച്ചതാണ്. തമിഴ്നാട്ടിലെ കന്യാകുമാരി സ്വദേശിയാണ് വി നാരായണൻ .
വലിയ ബഹുമതിയാണ് പുതിയ സ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. വിക്രം സാരാഭായി അടക്കമുള്ള പ്രമുഖർ വഹിച്ച സ്ഥാനത്തേയ്ക്ക് പരിഗണിച്ചതിൽ രാജ്യത്തോട് നന്ദിയുണ്ട് . എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.