മുംബൈ : പ്രശസ്ത ബോളിവുഡ് താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. മുംബൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈ മാസം ആദ്യം ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നവംബർ 12നാണ് ആശുപത്രി വിട്ടത്. തുടർ ചികിത്സ വീട്ടിൽ നൽകാം എന്ന് കുടുംബം തീരുമാനിച്ചതിനെ തുടർന്നാണ് നടനെ ഡിസ്ചാർജ് ചെയ്തത്. ഈ സമയത്ത് ധർമ്മേന്ദ്ര മരിച്ചതായി വന്ന അഭ്യൂഹങ്ങളെ കുടുംബം തള്ളിയിരുന്നു.
മരണം സ്ഥിരീകിരിച്ച് കരണ്‍ ജോഹറാണ് ട്വീറ്റ് ചെയ്തത് . അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി. ബോളിവുഡിന്റെ ‘ഹീ-മാൻ’ ആയിരുന്നു ധർമ്മേന്ദ്ര . ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ അദ്ദേഹം 300ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിൻ്റെ റെക്കോർഡും ധർമ്മേന്ദ്രയുടെ പേരിലാണ്.
പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തിൽ 1935 ഡിസംബർ 8നാണ് ധർമേന്ദ്രയുടെ ജനനം. ലുധിയാനയിലെ ഗവൺമെൻ്റ് സീനിയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. 1952ൽ ഫഗ്വാരയിൽ നിന്നും ബിരുദം പൂർത്തിയാക്കി. 1960-ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്.
ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്.

